ഷാക്കിബ് സൂപ്പര്‍, സിംബാബ്‍വേ ഉയര്‍ത്തിയ വെല്ലുവിളി അതീജീവിച്ച് ജയം ഉറപ്പാക്കി സീനിയര്‍ താരം

മറ്റു താരങ്ങളിൽ നിന്ന് യാതൊരു പിന്തുണയും ലഭിയ്ക്കാതെ വന്നപ്പോളും ഷാക്കിബ് അല്‍ ഹസന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റ ബലത്തിൽ വിജയം പിടിച്ചെടുത്ത് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ സീനിയര്‍ ഓള്‍റൗണ്ടര്‍ താരം നേടിയ 96 റൺസിന്റെ ബലത്തിൽ 3 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. 49.1 ഓവറിലാണ് ബംഗ്ലാദേശിന്റെ വിജയം.

ഷാക്കിബും മുഹമ്മദ് സൈഫുദ്ദീനും ചേര്‍ന്ന് നിര്‍ണ്ണായകമായ 69 റൺസാണ് എട്ടാം വിക്കറ്റിൽ നേടിയത്. കൈവിട്ട മത്സരം തിരിച്ചുപിടിച്ച പ്രകടനമാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഷാക്കിബിനൊപ്പം പുറത്താകാതെ 28 റൺസ് നേടി സൈഫുദ്ദീനും വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

Zimbabwe

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 9 വിക്കറ്റ് നഷ്ടത്തിലാണ് 240 റൺസ് നേടിയത്. വെസ്ലി മാധവേരെ 56 റൺസമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ബ്രണ്ടന്‍ ടെയിലര്‍(46), ഡിയോൺ മയേഴ്സ്(34), സിക്കന്ദര്‍ റാസ(30) എന്നിവരുടെ ബാറ്റിംഗ് പ്രകടനം സിംബാബ്‍വേയെ 240 റൺസിലേക്ക് എത്തിച്ചു.

ബംഗ്ലാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ലാം 4 വിക്കറ്റ് നേടിയപ്പോള്‍ ഷാക്കിബ് അല്‍ ഹസന് രണ്ട് വിക്കറ്റ് നേടാനായി.