അനായാസം ഇന്ത്യ, ലങ്കയുടെ സ്കോര്‍ 80 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്ന് ഇന്ത്യ

Shikhardhawan

ശ്രീലങ്ക നല്‍കിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ മറികടന്ന് ഇന്ത്യ. പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ശിഖര്‍ ധവാനും കസറിയപ്പോള്‍ ശ്രീലങ്കയെ അനായാസം കെട്ടുകെട്ടിക്കുകയായിരുന്നു ഇന്ത്യ. 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

പൃഥ്വി ഷാ 24 പന്തിൽ 43 റൺസും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ അര്‍ദ്ധ ശതകവും( 42 പന്തിൽ 59 റൺസ്) എന്നിവര്‍ക്കൊപ്പം പുറത്താകാതെ 86 റൺസ് നേടി ശിഖര്‍ ധവാനും തിളങ്ങുകയായിരുന്നു.

മനീഷ് പാണ്ടേ(26)യും അരങ്ങേറ്റക്കാരന്‍ സൂര്യകുമാര്‍ യാദവും ആണ് റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍. 20 പന്തിൽ പുറത്താകാതെ 31 റൺസാണ് സൂര്യകുമാര്‍ യാദവ് നേടിയത്.