ബ്രാവോയുടെയും ഹെറ്റ്മ്യറിന്റെയും അഭാവം ബാധിക്കില്ല, സീനിയര്‍ താരങ്ങള്‍ ആവശ്യത്തിനുപകരിക്കുമെന്നാണ് പ്രതീക്ഷ

- Advertisement -

ഇംഗ്ലണ്ട് ടൂറില്‍ നിന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറിയ ഡാരെന്‍ ബ്രാവോയുടെയും ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെയും അഭാവം തന്റെ ടീമിനെ ബാധിക്കില്ലെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. സീനിയര്‍ താരങ്ങളായ ഷായി ഹോപും ക്രെയിഗ് ബ്രാത്‍വൈറ്റും അവസരത്തിനൊത്തുയരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

മാനസികമായി അവര്‍ ഏറെ കരുത്തരാണ്. റോസ്റ്റണ്‍ ചേസ്, ഷായി ഹോപ്, ക്രെയിഗ് ബ്രാത്‍വൈറ്റ് എന്നീ താരങ്ങളെല്ലാം പരിചയമ്പന്നരാണ്. അവര്‍ അന്താരാഷ്ട്ര തലത്തില്‍ പല വട്ടം മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്, ഇവിടെയും അവര്‍ അവസരത്തിനൊത്തുയരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കോച്ച് അഭിപ്രായപ്പെട്ടു.

ആദ്യ ടെസ്റ്റിനുള്ള ടീമിന്റെ ബാറ്റിംഗ് ലൈനപ്പ് സന്നാഹ മത്സരത്തിന് ശേഷം തീരുമാനിക്കുമെന്നാണ് സിമ്മണ്‍സ് വ്യക്തമാക്കിയത്. ഹെറ്റ്മ്യറിന് പകരം ആറാം നമ്പറില്‍ ആരെന്നതാണ് വിന്‍ഡീസിന്റെ ഏറ്റവും വലിയ ചോദ്യമെങ്കിലും ജേസണ്‍ ഹോള്‍ഡറോ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഷെയിന്‍ ഡോവ്റിച്ചോ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുവാനാണ് സാധ്യത.

Advertisement