തനിക്ക് ഇനിയും ന്യൂസിലാണ്ടിനെ നയിക്കുവാന്‍ അവസരം ലഭിയ്ക്കുമെന്ന് കരുതുന്നു – മിച്ചല്‍ സാന്റനര്‍

സീനിയര്‍ താരങ്ങളായ കെയിന്‍ വില്യംസണിന്റെയും ടിം സൗത്തിയുടെയും അഭാവത്തില്‍ വിന്‍ഡീസിനെതിരെയുള്ള മൂന്നാമത്തെ ടി20യില്‍ മിച്ചല്‍ സാന്റനറിനെ ക്യാപ്റ്റന്‍സി ഏല്പിക്കുവാനാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് തീരുമാനിച്ചത്. ടി20യില്‍ പല ലീഗുകളില്‍ കളിച്ച് പരിചയമുള്ള താരം തനിക്ക് നല്‍കിയ ദൗത്യത്തില്‍ വളരെ സന്തോഷമുണ്ടെന്ന് അറിയിച്ചു.

ഇത്തരത്തില്‍ ദൗത്യങ്ങള്‍ മറ്റു താരങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ ന്യൂസിലാണ്ടിന്റെ ടെസ്റ്റ് താരങ്ങള്‍ക്ക് ചില ടി20 മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുവാനുള്ള അവസരം ലഭിയ്ക്കുമെന്നും സാന്റനര്‍ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി കളിക്കുന്നത് തന്നെ വലിയ കാര്യമായി കരുതുന്ന തനിക്ക് ക്യാപ്റ്റന്‍സി എത്രമാത്രം വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്നും താരം വ്യക്തമാക്കി.

ഭാവിയിലേക്കുള്ള ചുവടുവയ്പായാണ് ഇതിനെ കാണേണ്ടതെന്നാണ് ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞത്.