ഹാന്‍സി ക്രോണ്യേ ഉള്‍പ്പെട്ട കോഴ വിവാദത്തിലെ ബുക്കിയ്ക്ക് ജാമ്യം

- Advertisement -

2000ല്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യേ ഉള്‍പ്പെട്ട കോഴ വിവാദത്തിലെ ബുക്കിയ്ക്ക് ജാമ്യം നല്‍കിയ വിധി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. ഈ വര്‍ഷം ഫെബ്രുവരിയില്‍ യുകെയില്‍ നിന്ന് കൊണ്ട് വന്ന സഞ്ജീവ് ചൗളയെ ഡല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് തിഹാര്‍ ജയിലില്‍ ചോദ്യം ചെയ്ത് വരികയായിരുന്നു. മേയ് 4നാണ് ചൗളയ്ക്ക് ജാമ്യം ലഭിച്ചത്. ഇതിനെതിരെ ഡല്‍ഹി പോലീസ് നല്‍കിയ അപ്പീല്‍ ആണ് ഹൈക്കോടതി തള്ളിയത്.

ദക്ഷിണാഫ്രിക്കയുടെ 2000ലെ ടൂറില്‍ മാച്ച് ഫിക്സ് ചെയ്യുവാന്‍ ക്രോണ്യേയുമായി സുപ്രധാന പങ്ക് വഹിച്ചയാളാണ് ചൗളയെന്നാണ് കരുതപ്പെടുന്നത്. 2013ല്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയ ശേഷം 2016ല്‍ ഇന്ത്യയുടെ ആവശ്യ പ്രകാരം ലണ്ടനില്‍ വെച്ചാണ് അറസ്റ്റുണ്ടാകുന്നത്. ഏഴ് വര്‍ഷത്തിലധികത്തെ പ്രയത്നത്തിന് ശേഷമാണ് സഞ്ജീവ് ചൗളയെ തങ്ങള്‍ക്ക് കിട്ടുന്നതെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും ഡല്‍ഹി വിടരുതെന്ന പ്രത്യേക നിര്‍ദ്ദേശ പ്രകാരം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Advertisement