സ്റ്റീവ് സ്മിത്തിനെ പ്രശംസകൊണ്ട് മൂടി സച്ചിൻ ടെണ്ടുൽക്കർ

ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയൻ വിജയത്തിന് ചുക്കാൻ പിടിച്ച സ്റ്റീവ് സ്മിത്തിനെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് സച്ചിൻ ടെണ്ടുൽക്കർ സ്റ്റീവ് സ്മിത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.  സ്റ്റീവ് സ്മിത്ത് നന്നായി കളിച്ചുവെന്നും ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ഉജ്ജ്വലമാക്കിയെന്നുമാണ് സച്ചിൻ പറഞ്ഞത്.

ബൗൾ ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട വിലക്ക് കഴിഞ്ഞതിന് ശേഷമുള്ള സ്റ്റീവ് സ്മിത്തിന്റെആദ്യ ടെസ്റ്റ് ആയിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ആഷസ് ടെസ്റ്റ്. രണ്ടു ഇന്നിങ്സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ആണ് ആദ്യ ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ വിജയം ഉറപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 8 വിക്കറ്റിന്‌ 122 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിടുമ്പോഴാണ് വാലറ്റത്തെ കൂട്ടുപിടിച്ച് സ്മിത്ത് ഓസ്‌ട്രേലിയക്ക് ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി കൊടുത്തത്. ആദ്യ ഇന്നിഗ്‌സിൽ 144 റൺസും രണ്ടാം ഇന്നിങ്സിൽ 142 റൺസുമാണ് സ്മിത്ത് നേടിയത്. മത്സരത്തിൽ 251 റൺസിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ആദ്യ ആഷസ് ടെസ്റ്റ് സ്വന്തമാക്കിയത്.

ആഷസിന്റെ ഒരു ടെസ്റ്റിൽ രണ്ടു ഇന്നിങ്സിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരം മാത്രമാണ് സ്റ്റീവ് സ്മിത്ത്. ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത നാഥൻ ലയണിന്റെ പ്രകടനത്തെയും സച്ചിൻ അഭിനന്ദിച്ചു. രണ്ടാം ഇന്നിങ്സിലെ 6 വിക്കറ്റ് അടക്കം ലയൺ മത്സരത്തിൽ 9 വിക്കറ്റും സ്വന്തമാക്കിയിരുന്നു.