പെരുമാറ്റച്ചട്ടം ലംഘിച്ചു; പൊളാർഡിന് പിഴയിട്ട് ഐ.സി.സി

ഇന്ത്യക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച വെസ്റ്റിൻഡീസ് താരം കിറോൺ പൊള്ളാർഡിന് പിഴയിട്ട് ഐ.സി.സി. മാച്ച് ഫീയുടെ 20 ശതമാനമാണ് താരത്തിന് പിഴയായി ഇട്ടത്.  പിഴക്ക് പുറമെ ഒരു ഡി മെറിറ്റ് പോയിന്റും പൊള്ളാർഡിന് ലഭിക്കും.

അന്താരാഷ്ട്ര മത്സരങ്ങളിൽ അമ്പയർമാരുടെ തീരുമാനം അനുസരിക്കാതിരിക്കുന്നതിന് ലഭിക്കാവുന്ന പിഴയാണ് താരത്തിന് ലഭിച്ചത്. പകരക്കാരനായി ഇറങ്ങുന്നതിന് മുൻപ് അമ്പയറോട് താരം അനുവാദം ചോദിക്കുകയും എന്നാൽ അമ്പയർ ഓവർ അവസാനിക്കുന്നത് വരെ കാത്തിരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ അമ്പയറുടെ തീരുമാനം വകവെക്കാതെ താരം ഓവർ അവസാനിക്കുന്നതിനു മുൻപ്  ഇറങ്ങിയതാണ് പൊളാർഡിന് തിരിച്ചടിയായത്.

എന്നാൽ താരം കുറ്റം നിഷേധിച്ചെങ്കിലും ഐ.സി.സി മാച്ച് റഫറിമാരുടെ പാനൽ താരത്തിന്റെ വാദം കേട്ടതിന് ശേഷം താരത്തെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു. ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് നടക്കും.