ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമാക്കി കുറക്കാനുള്ള നിർദേശത്തിനെതിരെ മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കറും രംഗത്ത്. ക്രിക്കറ്റിന്റെ ഏറ്റവും കലർപ്പില്ലാത്ത രൂപമാണ് ടെസ്റ്റ് ക്രിക്കറ്റ് എന്നും അത് കൊണ്ട് ടെസ്റ്റ് ക്രിക്കറ്റ് അഞ്ച് ദിവസത്തിൽ നിന്ന് നാല് ദിവസമായി കുറക്കരുതെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ടെസ്റ്റ് മത്സരങ്ങൾ നാല് ദിവസമായി കുറക്കുന്നതിനെ എതിർത്തിരുന്നു.
നിലവിൽ ടി20, ഏകദിന, ടി10, ഹൺഡ്രഡ് ക്രിക്കറ്റുകൾ നിലവിൽ ഉണ്ടെന്നും അത്കൊണ്ട് തന്നെ ടെസ്റ്റിൽ മാറ്റം വരുത്തേണ്ടതില്ലെന്നും സച്ചിൻ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുന്നതിന് മികച്ച പിച്ചുകൾ ഒരുക്കാൻ ഐ.സി.സി ശ്രമിക്കണമെന്നും സച്ചിൻ പറഞ്ഞു. അഞ്ചാം ദിവസത്തെ കളി ഒഴിവാക്കുന്നത് സ്പിന്നർമാരോട് ചെയ്യുന്ന അനീതിയാണെന്നും സച്ചിൻ പറഞ്ഞു. ഫാസ്റ്റ് ബൗളർമാരെ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം ബൗൾ ചെയ്യാൻ അനുവദിക്കാതിരിക്കുന്നത് പോലെയാണ് അഞ്ചാം ദിവസത്തെ മത്സരം ഒഴിവാക്കുന്നതെന്നും സച്ചിൻ പറഞ്ഞു.