പവലിന്റെ അടി തടുത്ത് ബംഗ്ലാദേശിനു 18 റണ്‍സ് വിജയം, ഏകദിന പരമ്പരയും സ്വന്തം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര 2-1നു സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 301 റണ്‍സ് നേടിയ ബംഗ്ലാദേശ് വിന്‍ഡീസിനെ 283/6 എന്ന സ്കോറിനു എറിഞ്ഞ് പിടിക്കുകയായിരുന്നു. റോവ്മന്‍ പവല്‍ 41 പന്തില്‍ 74 റണ്‍സ് നേടി വിന്‍ഡീസിനായി പൊരുതിയെങ്കിലും മധ്യനിരയിലെ മറ്റു താരങ്ങള്‍ അവസരത്തിനൊത്തുയരാതെ പോയപ്പോള്‍ വിന്‍ഡീസിനു തിരിച്ചടിയാകുകയായിരുന്നു. തമീം ഇക്ബാലിനെ മത്സരത്തിലെ താരവും പരമ്പരയിലെ താരവുമായി പ്രഖ്യാപിച്ചു.

എവിന്‍ ലൂയിസിനെ(13) വേഗത്തില്‍ നഷ്ടമായെങ്കിലും ക്രിസ് ഗെയില്‍(73), ഷായി ഹോപ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ റണ്‍സ് കണ്ടെത്തി വിന്‍ഡീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഗെയില്‍ വേഗത്തില്‍ സ്കോര്‍ ചെയ്തുവെങ്കിലും ഹോപ്പിന്റെ മെല്ലെപ്പോക്ക് വിന്‍ഡീസ് പ്രതീക്ഷകളെ ബാധിച്ചു. 94 പന്തില്‍ നിന്ന് 64 റണ്‍സാണ് വിന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ താരം നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യര്‍(30) അധികം ബുദ്ധിമുട്ടിക്കാതെ പവലിയനിലേക്ക് പോയി.

ഒരു വശത്ത് ഏകനായി റോവ്‍മന്‍ പവല്‍ പൊരുതിയെങ്കിലും ഷായി ഹോപ് കളഞ്ഞ പന്തുകളുടെ നഷ്ടം ടീമിനെ ബാധിക്കുകയായിരുന്നു. 5 ബൗണ്ടറിയും 4 സിക്സും സഹിതം 180.49 സ്ട്രൈക്ക് റേറ്റില്‍ താരം ബാറ്റ് വീശിയെങ്കിലും വിന്‍ഡീസിനെ 50 ഓവറില്‍ 283/6 എന്ന സ്കോറിലേക്ക് എത്തിക്കുവാനെ താരത്തിനു കഴിഞ്ഞുള്ളു.

ബംഗ്ലാദേശിനു വേണ്ടി മഷ്റഫേ മൊര്‍തസ രണ്ടും മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial