ശതകം നേടാനാകാതെ റോസ് ടെയിലര്‍, ടീം 243 റണ്‍സിനു പുറത്ത്

- Advertisement -

റോസ് ടെയിലറും ടോം ലാഥവും ഒഴിക്കെ മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 243 റണ്‍സ് മാത്രം നേടി ന്യൂസിലാണ്ട്. ഇന്ന് ബേ ഓവലില്‍ നടന്ന മത്സരത്തില്‍ റോസ് ടെയിലര്‍ 93 റണ്‍സ് നേടിയപ്പോള്‍ ടോം ലാഥം 51 റണ്‍സ് നേടി പുറത്തായി. ഇരുവരും തമ്മിലുള്ള നാലാം വിക്കറ്റിലെ കൂട്ടുകെട്ട് മാത്രമാണ് ന്യൂസിലാണ്ട് നിരയിലെ ശ്രദ്ധേയമായ പ്രകടനം. 119 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

ലാഥമിനെ ചഹാല്‍ പുറത്താക്കിയതോടെ വീണ്ടും ന്യൂസിലാണ്ടിന്റെ ബാറ്റിംഗ് നിര തകരുന്നതാണ് കണ്ടത്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ അടുത്തടുത്ത ഓവറുകളില്‍ ഹെന്‍റി നിക്കോളസിനെയും മിച്ചല്‍ സാന്റനറെയും പുറത്താക്കി ന്യൂസിലാണ്ടിനെ വരിഞ്ഞു കെട്ടുകയായിരുന്നു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലും(13), ഡഗ് ബ്രേസ്വെല്ലും(15), ഇഷ് സോധി(12) എന്നിവര്‍ മാത്രമാണ് ന്യൂസിലാണ്ട് നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യയും യൂസുവേന്ദ്ര ചഹാലും ഭുവനേശ്വര്‍കുമാറും രണ്ട് വീതം വിക്കറ്റും നേടി.

Advertisement