ജോ റൂട്ടിന്റെ മികവിൽ ഇംഗ്ലണ്ട് മുന്നോട്ട്, വിജയം 61 റൺസ് അകലെ, ന്യൂസിലാണ്ടിന് വേണ്ടത് 5 വിക്കറ്റ്

Joeroot

ലോര്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ജോ റൂട്ടിന്റെയും ബെന്‍ സ്റ്റോക്സിന്റെയും മികവിൽ ഇംഗ്ലണ്ട് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 216/5 എന്ന നിലയിലാണ്. 61 റൺസ് കൂടിയാണ് ടീം ഇനി നേടേണ്ടത്. 277 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 69/4 എന്ന നിലയിലേക്ക് വീണെങ്കിലും ബെന്‍ സ്റ്റോക്സ് ജോ റൂട്ട് കൂട്ടുകെട്ട് നേടിയ 90 റൺസാണ് ടീമിന് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.

54 റൺസ് നേടിയ സ്റ്റോക്സിനെ കൈൽ ജാമിസൺ പുറത്താക്കിയെങ്കിലും റൂട്ട് മികവാര്‍ന്ന ബാറ്റിംഗുമായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 77 റൺസ് നേടി നിൽക്കുന്ന ജോ റൂട്ടിന്റെ വിക്കറ്റ് നേടിയാൽ മാത്രമേ ന്യൂസിലാണ്ടിന് വിജയം പ്രതീക്ഷിക്കാനാകൂ. 9 റൺസ് നേടിയ ബെന്‍ ഫോക്സ് ആണ് റൂട്ടിന് കൂട്ടായി ക്രീസിലുള്ളത്. ന്യൂസിലാണ്ടിനായി കൈൽ ജാമിസൺ 4 വിക്കറ്റ് നേടി.

251/4 എന്ന നിലയിൽ നിന്നാണ് വെറും 34 റൺസ് നേടുന്നതിനിടെ ന്യൂസിലാണ്ടിന് അവസാന 6 വിക്കറ്റ് ഇന്ന് നഷ്ടമായത്. ഡാരിൽ മിച്ചൽ തന്റെ ശതകം പൂര്‍ത്തിയാക്കി 108 റൺസ് നേടി മടങ്ങിയപ്പോള്‍ ടോം ബ്ലണ്ടൽ 96 റൺസിന് പുറത്തായി.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡും മാത്യു പോട്സും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണിന് 2 വിക്കറ്റ് ലഭിച്ചു.

Previous articleഹംഗറിയിൽ നിന്ന് തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്
Next articleപി എസ് ജി വന്നാലും ജോസെ റോമ വിടില്ല