ഏകനായി പൊരുതി രോഹിത്, സിഡ്നിയില്‍ വിജയത്തുടക്കവുമായി ഓസ്ട്രേലിയ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടി ഓസ്ട്രേലിയ. നാല് റണ്‍സ് എടുക്കുന്നതിനുള്ള ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങളെ നഷ്ടമായ ഇന്ത്യയ്ക്ക് തിരിച്ചുവരവ് അസാധ്യമായിരുന്നുവെങ്കിലും രോഹിത്തിന്റെ നേതൃത്വത്തില്‍ ധോണിയുമായി ഇന്ത്യ ആദ്യ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇരുവരും തുടക്കത്തില്‍ പന്തുകള്‍ ഏറെ നഷ്ടപ്പെടുത്തിയ ശേഷമാണ് ക്രീസില്‍ നിലയുറപ്പിച്ചത്. രോഹിത് തന്റെ ഇന്നിംഗ്സ് പുരോഗമിക്കവേ ഈ അന്തരം കുറച്ച് കൊണ്ടുവന്നുവെങ്കിലും ധോണിയ്ക്ക് അത് സാധിക്കാതെ പോയതും ഇന്ത്യയുടെ ലക്ഷ്യത്തെ കൂടുതല്‍ ശ്രമകരമാക്കി.

നാലാം വിക്കറ്റില്‍ ഇന്ത്യ 137 റണ്‍സാണ് രോഹിത്തും ധോണിയും നേടിയത്. പുറത്താകുമ്പോള്‍ 96 പന്തില്‍ നിന്ന് 51 റണ്‍സാണ് ധോണി നേടിയത്. തുടര്‍ന്ന് ദിനേശ് കാര്‍ത്തിക്കിനും കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നപ്പോള്‍ ഇന്ത്യ പ്രതിരോധത്തിലായി. 50 ഓവറുകള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. 34 റണ്‍സിന്റെ തോല്‍വിയിലും രോഹിത് 133 റണ്‍സുമായി തലയുയര്‍ത്താവുന്ന പ്രകടനമാണ് പുറത്തെടുത്തത്. തന്റെ 22ാം ഏകദിന ശതകമാണ് ഇന്ന് രോഹിത് സ്വന്തമാക്കിയത്.

ഓസ്ട്രേലിയയ്ക്കായി ജൈ റിച്ചാര്‍ഡ്സണ്‍ നാലും ജേസണ്‍ ബെഹറെന്‍ഡോര്‍ഫ്, സ്റ്റോയിനിസ് എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.