റോച്ചും ഗബ്രിയേലും ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു

ആന്റിഗ്വ ടെസ്റ്റിലും ഇംഗ്ലണ്ടിനു ബാറ്റിംഗ് പരാജയം. 61 ഓവര്‍ മാത്രം നീണ്ട് നിന്ന ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 187 റണ്‍സിനു അവസാനിക്കുകയായിരുന്നു. ഇന്ന് ടോസ് നേടി വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം ഇംഗ്ലണ്ട് നിരയില്‍ ജോണി ബൈര്‍സ്റ്റോ(52), മോയിന്‍ അലി(60), ബെന്‍ ഫോക്സ്(35) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരെ ചെറുത്ത് നില്പിനു ശ്രമിച്ചത്.

ആദ്യ സെഷനു ശേഷം മോയിന്‍ അലിയും ബെന്‍ ഫോക്സും ഇംഗ്ലണ്ടിനെ 172/6 എന്ന നിലയില്‍ ചായ വരെ കൊണ്ടെത്തിച്ചു. എന്നാല്‍ മൂന്നാം സെഷന്‍ ആരംഭിച്ച ശേഷം ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. 178/6 എന്ന നിലയില്‍ നിന്ന് ടീം 9 റണ്‍സ് എടുക്കുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി.

വിന്‍ഡീസിനായി കെമര്‍ റോച്ച് നാലും ഷാനണ്‍ ഗബ്രിയേല്‍ മൂന്നും വിക്കറ്റ് നേടി. അല്‍സാരി ജോസഫിനു രണ്ട് വിക്കറ്റും നായകന്‍ ജേസണ്‍ ഹോള്‍ഡറിനു ഒരു വിക്കറ്റും ലഭിച്ചു.