ധോണിയെ രണ്ടാം ടി20യില്‍ പുറത്തിരുത്തി വിജയ് ശങ്കര്‍ക്ക് അവസരം നല്‍കണമെന്ന് ഹേമംഗ് ബദാനി

മഹേന്ദ്ര സിംഗ് ധോണിയ്ക്ക് രണ്ടാം മത്സരത്തില്‍ വിശ്രമം നല്‍കി പകരം വിജയ് ശങ്കര്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹേമംഗ് ബദാനി. ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വലിയ വേഗത്തില്‍ സ്കോറിംഗ് നടത്താനായില്ലെന്ന സാഹചര്യം നിലനില്‍ക്കെ ധോണിയുടെ ബാറ്റിംഗിനു പരക്കെ വിമര്‍ശനം കേള്‍ക്കുന്നതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പരാമര്‍ശം. ഇന്ത്യ ആദ്യ ടി20യില്‍ 80/3 എന്ന നിലയില്‍ നിന്ന് 126/7 റണ്‍സില്‍ മാത്രമാണ് എത്തി നിന്നത്.

വിക്കറ്റുകള്‍ വീണ സമയത്ത് ക്രീസിലെത്തി പതിവു ശൈലിയില്‍ നിലയുറപ്പിച്ച ധോണിയ്ക്ക് എന്നാല്‍ വലിയ ഷോട്ടുകള്‍ അവസാന ഓവറുകളില്‍ ഉതിര്‍ക്കുവാന്‍ സാധിച്ചിരുന്നില്ല. 37 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയാണ് ധോണി ക്രീസില്‍ പുറത്താകാതെ നിന്നത്. പരമ്പരയില്‍ ആദ്യ മത്സരത്തില്‍ പുറകില്‍ പോയ ഇന്ത്യ 2015നു ശേഷം ആദ്യമായി നാട്ടില്‍ ഒരു പരമ്പര നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തി നില്‍ക്കുമ്പോളാണ് മുന്‍ ഇന്ത്യന്‍ താരം ധോണിയെ അവസാന ഇലവനില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.

എന്നാല്‍ ധോണിയുടെ മോശം ഫോമല്ല ബദാനിയുടെ ഈ പ്രസ്താവനയ്ക്ക് കാരണം. ധോണി ലോകകപ്പിനു സ്ഥാനം ഉറപ്പായ താരമാണെന്നും അതിനാല്‍ തന്നെ ഇന്ത്യ വിജയ് ശങ്കറെ പരീക്ഷിച്ച് തെളിയിക്കുവാന്‍ ഈ അവസരങ്ങള്‍ ഉപയോഗിക്കണം അതിനാല്‍ തന്നെ ധോണിയ്ക്ക് മത്സരത്തില്‍ നിന്ന് വിശ്രമം നല്‍കണമെന്നാണ് ബദാനി പറയുന്നത്. ഋഷഭ് പന്തിനെയോ ദിനേശ് കാര്‍ത്തിക്കിനെയോ രണ്ടാം കീപ്പറായി പരീക്ഷിക്കുവാനും ഈ പരമ്പര ഉപയോഗിക്കേണ്ടതായിരുന്നുവെന്ന് ബദാനി പറഞ്ഞു.

Previous articleകോപ്പ ഡെൽ റേ; സെമിയിൽ ഇന്ന് എൽ ക്ലാസിക്കോ
Next articleനീൽ ലെനോൻ വീണ്ടും സെൽറ്റികിന്റെ പരിശീലകൻ