കോപ്പ ഡെൽ റേ; സെമിയിൽ ഇന്ന് എൽ ക്ലാസിക്കോ

സ്പാനിഷ് കോപ്പ ഡെൽ റേയുടെ രണ്ടാം പാദ സെമി ഫൈനലിൽ ഇന്ന് രാത്രി എൽ ക്ലാസിക്കോ പോരാട്ടം. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബുവിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയർ ബാഴ്സലോണയെ നേരിടും. നേരത്തെ ക്യാമ്പ് നൗവിൽ നടന്ന ആദ്യപാദ സെമിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു, അത് കൊണ്ട് തന്നെ മത്സരത്തിലെ വിജയികൾ ഫൈനലിൽ പ്രവേശിക്കും.

സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയൽ ബാഴ്സയോട് 1-5 എന്ന സ്കോറിന് ബെർണാബുവിൽ പരാജയപ്പെട്ടിരുന്നു, എന്നാൽ അതിൽ നിന്നും ഏറെ മുന്നേറിയ ഒരു ടീമായിട്ടായിരുന്നു റയൽ കോപ്പ ഡെൽ റേയിലെ ആദ്യത്തെ സെമി കളിച്ചത്. കോപ്പ ഡെൽ റേയിൽ 2015 മുതൽ ബാഴ്സ തുടരുന്ന ആധിപത്യം സ്വന്തം കാണികൾക്ക് മുന്നിൽ അവസാനിപ്പിക്കാനായിരിക്കും റയൽ മാഡ്രിഡിന്റെ ശ്രമം. ജിറോണക്കെതിരെ തോൽവിയും ലെവന്റെക്കെതിരെ വിജയവുമായിട്ടാണ് റയൽ എത്തുന്നത്. എന്നാൽ ബദ്ധവൈരികൾക്ക് മുന്നിൽ ഇരു കൈയും മറന്ന് റയൽ പോരാടുമെന്നു ഉറപ്പാണ്. വിലക്ക് മൂലം കഴിഞ്ഞ ദിവസം കളിക്കാതിരുന്ന ക്യാപ്റ്റൻ റാമോസ് ടീമിൽ തിരിച്ചെത്തുന്നത് റയലിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

മുഴുവൻ ഫിറ്റ്നസ് ഇല്ലാതെയായിരുന്നു മെസ്സി കഴിഞ്ഞ സെമി കളിച്ചത്, എന്നാൽ തന്റെ ഫോമിലേക്ക് മെസ്സി തിരിച്ചെത്തിയത് ബാഴ്സക്ക് മുൻതൂക്കം നൽകുന്നുണ്ട്. സീസണിലെ ആദ്യ എൽ ക്ലാസിക്കോ ആവർത്തിക്കാൻ ആയിരിക്കും റയലിന്റെ ശ്രമം. മെസ്സിയുടെ ഹാട്രിക്കോടെ സെവിയയെ തോൽപ്പിച്ചാണ് ബാഴ്സ എത്തുന്നത്. പരിക്ക് കാരണം ആർതുറും സിലിസെനും കളിക്കില്ല എന്നുറപ്പാണ്, എന്നാൽ പൂർണ ഫിറ്റ്നെസ് വീണ്ടെടുത്ത ഉമിറ്റിറ്റി ടീമിൽ ഇടം നേടിയേക്കും.

ഇന്ത്യൻ സമയം രാത്രി 1.30ന് ആണ് മത്സരം. മത്സരം VH1 ചാനലിലും ജിയോ ടിവിയിലും തത്സമയം കാണാൻ സാധിക്കും.

Previous articleലോകകപ്പ് ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്ന് രഹാനെ
Next articleധോണിയെ രണ്ടാം ടി20യില്‍ പുറത്തിരുത്തി വിജയ് ശങ്കര്‍ക്ക് അവസരം നല്‍കണമെന്ന് ഹേമംഗ് ബദാനി