ഇംഗ്ലണ്ട് പേസ് ബൗളര്‍ക്ക് പിന്നാലെ കൗണ്ടി ക്ലബ്ബുകള്‍

ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ റീസ് ടോപ്ലിയ്ക്ക് പിന്നാലെ കൗണ്ടി ക്ലബ്ബുകളായ മിഡില്‍സെക്സും സസ്സെക്സും. ഹാംപ്ഷയറുമായുള്ള കരാര്‍ കഴിഞ്ഞ സീസണില്‍ അവസാനിച്ചതോടെ ഇപ്പോള്‍ ഫ്രീ ഏജന്റായാണ് ടോപ്ലി നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം പരിക്കിന്റെ പിടിയിലായ താരം ഇപ്പോള്‍ പൂര്‍ണ്ണ മാച്ച് ഫിറ്റായി വരുന്നതെയുള്ളു. പരിക്ക് മൂലമാണ് കഴിഞ്ഞ സീസണിലെ കരാറിനു ശേഷം ഹാംപ്ഷയര്‍ താരത്തിന്റെ കരാര്‍ പുതുക്കി നല്‍കാത്തത്. എസ്സെക്സില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പാണ് റീസ് ഹാംപ്ഷയറിലെത്തിയത്.

താരം ഇപ്പോള്‍ പൂര്‍ണ്ണാരോഗ്യത്തിലേക്ക് മടങ്ങിയെത്തുകയാണെന്നും തന്റെ മുഴുവന്‍ പേസില്‍ തന്നെ പന്തെറിയുവാന്‍ സാധിക്കുന്നുണ്ടെന്നുമാണ് അറിയുവാന്‍ സാധിക്കുന്നത്. ഓസ്ട്രേലിയയില്‍ വിക്ടോറിയയ്ക്കൊപ്പവും താരം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇപ്പോള്‍ താല്പര്യം പ്രകടിപ്പിച്ച സസ്സെക്സ്, മിഡില്‍സെക്സ് കൗണ്ടികളിലും താരം എത്തി ടീമിനൊപ്പം ചെലവഴിച്ചുവെന്ന് ആണ് ലഭിയ്ക്കുന്ന വിവരം.