റായിഡു പ്രധാന ഘടകം, താരം തിരികെ എത്തുന്നതില്‍ പങ്ക് വഹിക്കാനായതില്‍ സന്തോഷം – നോയല്‍ ഡേവിഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിനിടയില്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച അമ്പാട്ടി റായിഡു തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പുറത്ത് വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അതില്‍ ചെറിയൊരു പങ്ക് വഹിക്കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പറഞ്ഞ് ഹൈദ്രാബാദിന്റെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നോയല്‍ ഡേവിഡ്. ഇത് എളുപ്പമുള്ള തീരുമാനമല്ല, തനിക്ക് പറ്റിയ തെറ്റ് സമ്മതിക്കുവാന്‍ വിനയവും ധൈര്യവും ആവശ്യമാണ്. തനിക്ക് റായിഡു തിരികെ എത്തുന്നു എന്ന വാര്‍ത്തയില്‍ ഏറെ സന്തോഷവും ആവേശവും ഉണ്ടെന്ന് നോയല്‍ പറഞ്ഞു.

താരത്തിന് ഇനിയും ഏറെ ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ഹൈദ്രാബാദ് ക്രിക്കറ്റിനു വലിയ നേട്ടമാവും താരത്തിന്റെ തിരിച്ച് വരവെന്നും നോയല്‍ ഡേവിഡ് പറഞ്ഞു. തന്റെ പൂര്‍ണ്ണമായ പിന്തുണ താരത്തിന് എന്നും ഉണ്ടാകുമെന്നും ടീമിനെ ഉയരങ്ങളിലേക്ക് എത്തിക്കുവാന്‍ താരത്തിന് സാധിക്കട്ടേയെന്നും നോയല്‍ ഡേവിഡ് പറഞ്ഞു. തനിക്ക് താരത്തോട് സംസാരിച്ച് ഇനിയും ക്രിക്കറ്റിന് വേണ്ടി ഏറെ സംഭാവനകള്‍ നല്‍കാനാകുമെന്ന് വിശ്വാസത്തിലെടുക്കുവാന്‍ സാധിച്ചുവെന്നും നോയല്‍ പറഞ്ഞു.

റായിഡു മികച്ചൊരു ക്രിക്കറ്റര്‍ മാത്രമല്ല മികച്ചൊരു മനുഷ്യന്‍ കൂടിയാണെന്നും ആ ഒരു നിമിഷത്തെ വിഷമത്തില്‍ എടുത്ത തീരുമാനമായിരുന്നു വിരമിക്കല്ലെന്നും റായിഡു വ്യക്തമാക്കി. വീണ്ടും ഹൈദ്രാബാദിന് വേണ്ടി താരം കളിക്കുമ്പോള്‍ ഡ്രെസ്സിംഗ് റൂമിലെ മറ്റ് താരങ്ങള്‍ക്കും അത് വലിയ പ്രഛോദനമാവുമെന്ന് നോയല്‍ പറഞ്ഞു. യുവതാരങ്ങളെ വാര്‍ത്തെടുക്കുവാനും റായിഡുവിന് സാധിക്കുമെന്നും ഹൈദ്രാബാദ് ക്രിക്കറ്റ് ഇത് വഴി കൂടുതല്‍ ശക്തരാകുമെന്നും നോയല്‍ ഡേവിഡ് പറഞ്ഞു.

ഈ സീസണില്‍ അമ്പാട്ടി റായിഡു ഉള്‍പ്പെടെ അതിശക്തമായ ടീമിനെ സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഹൈദ്രാബാദ് ടീമിനുള്ളത്. രഞ്ജി ട്രോഫി വിജയിച്ചിട്ട് ഹൈദ്രാബാദ് കുറച്ച് നാളുകളായി, ഈ സീസണില്‍ അതിനുള്ള ശ്രമം ശക്തമായി തന്നെ ടീം മുന്നോട്ട് വയ്ക്കുമെന്നും നോയല്‍ ഡേവിഡ് വ്യക്തമാക്കി.