18 വര്‍ഷത്തിന് ശേഷം എസ്സെക്സിനോട് വിട പറഞ്ഞ് രവി ബൊപ്പാര

എസ്സെക്സുമായുള്ള 18 വര്‍ഷത്തെ വളരെ നീണ്ട തന്റെ ബന്ധം അവസാനിപ്പിച്ച് സസ്സെക്സിലേക്ക് നീങ്ങുവാന്‍ ഒരുങ്ങി രവി ബൊപ്പാര. തന്റെ ട്വിറ്ററിലൂടെ ഇന്നലെയാണ് ഈ തീരുമാനം ആരാധകരെ അറിയിച്ചത്. പുതിയ കരാര്‍ എസ്സെക്സ് നല്‍കുവാന്‍ തയ്യാറായിരുന്നുവെങ്കിലും തനിക്ക് പുതിയ വെല്ലുവിളി ഏറ്റെടുക്കണമെന്ന് രവി ബൊപ്പാര അറിയിക്കുകയായിരുന്നു. എസ്സെക്സ് ഈ വര്‍ഷം ടി20 ബ്ലാസ്റ്റും കൗണ്ടി ചാമ്പ്യന്‍ഷിപ്പും വിജയിച്ച് നില്‍ക്കുമ്പോള്‍ തലയുയര്‍ത്തിയാണ് ബൊപ്പാരയുടെ മടക്കം.

17ാം വയസ്സില്‍ എസ്സെക്സിന് വേണ്ടി കളിക്കുവാന്‍ ആരംഭിച്ച രവി ബൊപ്പാര വിവിധ ഫോര്‍മാറഅറുകളിലായി 18 സീസണുകളിലായി 499 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 42.06 ശരാശരിയില്‍ 11,148 ഫസ്റ്റ് ക്ലാസ്സ് റണ്‍സും താരം നേടിയിട്ടുണ്ട്. 37 ശതകങ്ങളും വിവിധ ഫോര്‍മാറ്റുകളിലായി താരം നേടിയിട്ടുണ്ട്.