റാഞ്ചി ടെസ്റ്റില്‍ മാര്‍ക്രം കളിക്കില്ല, സ്വയം വരുത്തിവെച്ച പരിക്കിന് മാപ്പപേക്ഷയുമായി താരം

പൂനെ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഏറ്റ പരിക്ക് റാഞ്ചി ടെസ്റ്റില്‍ നിന്ന് എയ്ഡന്‍ മാര്‍ക്രത്തെ പുറത്തിരുത്തുവാന്‍ ഇടയാക്കിയിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. റാഞ്ചിയില്‍ ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന മൂന്നാമത്തെയും പരമ്പരയിലെ അവസാനത്തെയും ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ കളിക്കില്ലെന്ന് ഇതോടെ ഉറപ്പായി. താരത്തിന്റെ കൈക്കുഴയ്ക്ക് ഏറ്റ പരിക്കാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. 2-0ന് പിന്നിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് നേരത്തെ സ്പിന്നര്‍ കേശവ് മഹാരാജിനെയും നഷ്ടപ്പെട്ടിരുന്നു.

പൂനെയിലെ രണ്ടാം ഇന്നിംഗ്സില്‍ പുറത്തായ ശേഷം തന്റെ അരിശം പുറത്ത് കാണിച്ചതിനിടെയാണ് താരത്തിന്റെ കൈക്കുഴയ്ക്ക് പൊട്ടലേറ്റതെന്നാണ് അറിയുന്നത്. താരം ഉടന്‍ തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങി വേണ്ട ചികിത്സ തേടുമെന്ന് ടീം ഡോക്ടര്‍ വ്യക്തമാക്കി. പൂനെയില്‍ രണ്ട് ഇന്നിംഗ്സുകളിലും പൂജ്യത്തിന് പുറത്തായ മാര്‍ക്രം വൈസാഗിലെ ആദ്യ ടെസ്റ്റിലും പരാജയമായിരുന്നു. അവിടെ 5, 39 എന്ന സ്കോറുകളാണ് താരം നേടിയത്.

പൂനെയിലെ പുറത്താകലിന് ശേഷം കട്ടിയുള്ള എന്തോ വസ്തുവില്‍ ആഞ്ഞടിച്ചതാണ് താരത്തിന്റെ കൈയ്ക്ക് പൊട്ടലേല്‍ക്കുവാന്‍ കാരണമെന്നാണ് അറിയുന്നത്. താരം തന്റെ ചെയ്തികളില്‍ ടീമിനോടും ആരാധകരോടും മാപ്പ് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.