എറിഞ്ഞ് പിടിച്ച് സിജോമോന്‍ ജോസഫ്, എന്നിട്ടും മുന്നൂറിനടുത്ത് ലീഡുമായി ഹിമാച്ചല്‍

Sports Correspondent

കേരളത്തിനെതിരെ മികച്ച ലീഡ് കൈക്കലാക്കി ഹിമാച്ചല്‍ പ്രദേശ്. രണ്ടാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 52.1 ഓവറില്‍ നിന്ന് 285 റണ്‍സാണ് ടീം നേടിയത്. അതിവേഗം സ്കോറിംഗ് നടത്തുക വഴി മുന്നൂറിനടുത്ത് ലീഡോടെ മൂന്നാം ദിവസം അവസാനിപ്പിക്കുവാന്‍ ടീമിനായിട്ടുണ്ട്. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 286 റണ്‍സിനു എറിഞ്ഞിട്ട് 11 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കൈവശപ്പെടുത്തുവാന്‍ ഹിമാച്ചലിനു ആയിരുന്നു.

സിജോമോന്‍ ജോസഫ് മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച് നാല് വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റുമായി മികവ് പുലര്‍ത്തി. 85 റണ്‍സ് നേടിയ ഋഷി ധവാനും 64 റണ്‍സ് നേടിയ അങ്കിത് കല്‍സിയുടെയുമൊപ്പം 41 റണ്‍സ് നേടി പ്രശാന്ത് ചോപ്രയും ഹിമാച്ചല്‍ നിരയില്‍ തിളങ്ങി. ഇവരാരും തന്നെ അധികം പന്തുകള്‍ നഷ്ടപ്പെടാതെ ബാറ്റ് വീശിയപ്പോള്‍ തന്നെ വിജയമാണ് ഹിമാച്ചല്‍ ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാകുകയായിരുന്നു.