മധ്യ പ്രദേശിനെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കേരളം പൊരുതുന്നു. സച്ചിന്‍ ബേബിയും വിഷ്ണു വിനോദും ചേര്‍ന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 89 റണ്‍സിന്റെ ബലത്തില്‍ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ കേരളം 189/6 എന്ന നിലയിലാണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ടീം 76 റണ്‍സ് കൂടി നേടേണ്ടതുണ്ട്.
തലേ ദിവസത്തെ സ്കോറായ 38/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളം 42 റണ്‍സ് കൂടി നേടിയ ശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 26 റണ്‍സ് നേടിയ വിഎ ജഗദീഷിനെയാണ് ടീമിനു ആദ്യം നഷ്ടമായത്. അധികം വൈകാതെ ടീമിനു സഞ്ജു സാംസണെയും(19) നഷ്ടമായി. റണ്ണൗട്ട് രൂപത്തില്‍ സഞ്ജു പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സാണ് കേരളം നേടിയത്.
അവിടെ നിന്ന് പോരാട്ട വീര്യമായി സച്ചിന്‍ ബേബിയും വിഷ്ണു വിനോദും കേരളത്തിന്റെ പടപൊരുതല്‍ നയിക്കുകയായിരുന്നു. ജയമെന്നത് അപ്രാപ്യവും തോല്‍വി ഒഴിവാക്കുക ശ്രമകരവുമെന്ന അവസ്ഥയില്‍ എത്ര നേരം ഈ കൂട്ടുകെട്ട് പിടിച്ച് നില്‍ക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കേരളം ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുന്നത്. സച്ചിന്‍ ബേബി 90 റണ്‍സും വിഷ്ണും വിനോദ് 38 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്.