ജോഫ്ര ആര്‍ച്ചര്‍ക്ക് ഇനി ഇംഗ്ലണ്ടിനായി കളിയ്ക്കാം

- Advertisement -

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ യോഗ്യത മാനദണ്ഡങ്ങള്‍ മാറ്റിയതോടെ സസ്സെക്സിന്റെ ഓള്‍റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഇംഗ്ലണ്ടിനായി ജഴ്സി അണിയാം. ഇംഗ്ലണ്ടിലോ വെയില്‍സിലോ ജനിക്കാത്ത താരങ്ങള്‍ക്ക് മൂന്ന് വര്‍ഷം രാജ്യത്ത് താമസം പൂര്‍ത്തിയാക്കിയാല്‍ രാജ്യത്തെ സേവിക്കുവാനുള്ള യോഗ്യതയാവുമെന്നാണ് ബോര്‍ഡിന്റെ പുതിയ തീരുമാനം. നേരത്തെ ഇത് 7 വര്‍ഷമായിരുന്നു.

അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ താരത്തിനു ഇംഗ്ലണ്ടിനു വേണ്ടി കളിക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിന്റെ വിന്‍ഡീസ് ടൂറില്‍ താരം പരിഗണിക്കപ്പെടുമെന്നാണ് ആദ്യം കരുതിയതെങ്കിലും ഒരു വര്‍ഷം 210 ദിവസങ്ങളെങ്കിലും പൂര്‍ത്തിയാക്കണമെന്നുള്ളതിനാല്‍ ടൂറില്‍ താരത്തിനു അവസരം ലഭിച്ചേക്കില്ല. ഫെബ്രുവരിയിലാണ് ഇംഗ്ലണ്ടിന്റെ വിന്‍ഡീസ് ടൂര്‍.

ജോഫ്രയുടെ സ്വന്തം നാടാണ് വിന്‍ഡീസ്. ജനുവരി മുതല്‍ താരത്തിനു യോഗ്യത ലഭിയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും പരക്കുന്നതിനിടെയാണ് താരം തന്നെ അത് സാധ്യമായാലും ഇല്ലെങ്കിലും തനിക്ക് നാട്ടില്‍ അരങ്ങേറ്റം നടത്തുവാന്‍ സാധിച്ചാല്‍ ഏറെ സന്തോഷമെന്ന് ട്വീറ്റ് ചെയ്തിരുന്നു.

Advertisement