അരങ്ങേറ്റം ഉഷാറാക്കുവാന്‍ കഴിയാതെ വത്സല്‍, കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച, രാഹുലിനു അര്‍ദ്ധ ശതകം

- Advertisement -

ഡല്‍ഹിയ്ക്കെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കരകയറി കേരളം. 17/2 എന്ന നിലയിലായിരുന്ന കേരളത്തെ രാഹുല്‍ പിയും സഞ്ജു സാംസണും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. എന്നാല്‍ ലഞ്ചിനോട് തൊട്ടടുത്ത് സഞ്ജുവിനെ(24) നഷ്ടമായത് കേരളത്തിനു തിരിച്ചടിയായി. രാഹുലിനൊപ്പം 61 റണ്‍സ് മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്ത് ശേഷമാണ് സഞ്ജുവിന്റെ മടക്കം. നാല് പന്തുകള്‍ക്ക് ശേഷം ശിവം ശര്‍മ്മ അതേ ഓവറില്‍ സച്ചിന്‍ ബേബിയെ പൂജ്യത്തിനു പുറത്താക്കിയതോടെ കേരളത്തിന്റെ നില പരുങ്ങലിലായി. 78/2 എന്ന നിലയില്‍ നിന്ന് 78/4 എന്ന നിലയിലേക്ക് കേരളം വീഴുകയായിരുന്നു.

50 റണ്‍സുമായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധ ശതകം നേടി നില്‍ക്കുന്ന രാഹുലും വിഷ്ണു വിനോദുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 109/4 എന്ന നിലയിലാണ്.

മധ്യ പ്രദേശിനെതിരെയും തമിഴ്നാടിനെതിരെയും തോല്‍വിയേറ്റു വാങ്ങിയ കേരളം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ലൈനപ്പ് അടിമുടി മാറ്റിയെത്തിയ കേരളത്തിനു വേണ്ടി ഓപ്പണിംഗ് സ്ഥാനത്തിറങ്ങിയ വിഎ ജഗദീഷ് പൂജ്യത്തിനു രണ്ടാം ഓവറില്‍ തന്നെ പുറത്തായി. തന്റെ രഞ്ജി അരങ്ങേറ്റം നടത്തിയ വത്സല്‍ ഗോവിന്ദിനും കാര്യമായി ഒന്നും ചെയ്യാനാകാതെയായപ്പോള്‍ കേരളം പ്രതിരോധത്തിലായി.

പിന്നീട് സഞ്ജുവും രാഹുലും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിനെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചതെങ്കിലും മൂന്നാം വിക്കറ്റ് വീണത് കേരളത്തിന്റെ മത്സരത്തിലെ ആനുകൂല്യം നഷ്ടമാക്കി. ഡല്‍ഹിയ്ക്കായി ശിവം ശര്‍മ്മ രണ്ട് വിക്കറ്റും ആകാശ് സുധന്‍, വികാസ് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Advertisement