വിദര്‍ഭയെ 208 റണ്‍സിനു പുറത്താക്കി കേരളം, 102 റണ്‍സ് ലീഡ് വഴങ്ങി

രഞ്ജി ട്രോഫി സെമിഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. ഒരു ഘട്ടത്തില്‍ മത്സരം വിദര്‍ഭ തട്ടിയെടുത്തുവെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് മത്സരത്തില്‍ തങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്തുന്ന പ്രകടനവുമായി കേരള ബൗളര്‍മാര്‍ തിളങ്ങിയപ്പോള്‍ മത്സരത്തില്‍ കേരളം വീണ്ടും തിരിച്ചു വരികയയായിരുന്നു. 102 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡാണ് വിദര്‍ഭ നേടിയത്.

സന്ദീപ് വാര്യറുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് കേരളത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. വാലറ്റത്തില്‍ ഉമേഷ് യാദവും(17*) കാലെയും(12) നടത്തിയ ചെറുത്ത് നില്പാണ് വിദര്‍ഭയുടെ ലീഡ് നൂറ് കടക്കുവാന്‍ സഹായിച്ചത്. തലേ ദിവസം 171/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയ്ക്ക് അടുത്ത രണ്ട് വിക്കറ്റും ഒരു റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടമായി.

എട്ട്, ഒമ്പത്, പത്ത് വിക്കറ്റുകളുടെ സഹായത്തോടെയാണ് 208 എന്ന സ്കോറിലേക്ക് ടീം നീങ്ങിയത്. അവസാന മൂന്ന് വിക്കറ്റുകളും കൂടി 36 റണ്‍സ് നേടിയത് വിദര്‍ഭയെ തുണയ്ക്കുമോ എന്നതാണ് വരും ദിവസകങ്ങളില്‍ കാണേണ്ടത്. അവസാന 8 വിക്കറ്റുകള്‍ വെറും 38 റണ്‍സിനാണ് വിദര്‍ഭ നഷ്ടപ്പെടുത്തിയത്.

170/2 എന്ന നിലയില്‍ നിന്ന് 172/7 എന്ന തകര്‍ച്ചയിലേക്ക് വിദര്‍ഭയെ തള്ളിയിട്ടത് തന്നെ ഈ സീസണിലെ കേരളത്തിന്റെ ബൗളിംഗ് മികവിന്റെ സൂചനയാണ്. സന്ദീപിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിനു പുറമെ ബേസില്‍ തമ്പി മൂന്നും നിധീഷ് എംഡി രണ്ടും വിക്കറ്റ് നേടി.