തുടക്കം തകര്‍ച്ചയോടെ, പിന്നെ തിരിച്ചുവരവ്!!! കേരളത്തിനെതിരെ ശക്തമായ നിലയിൽ ഗുജറാത്ത്

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ മികച്ച സ്കോര്‍ നേടി ഗുജറാത്ത്. ഇന്ന് ആരംഭിച്ച മത്സരത്തിൽ കേരളം ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പുറത്താകാതെ 146 റൺസ് നേടിയ ഹെത് പട്ടേലും 120 റൺസ് നേടിയ കരൺ പട്ടേലുമാണ് കേരള ബൗളര്‍മാര്‍ക്ക് തിരിച്ചടി നല്‍കിയത്.

ഒരു ഘട്ടത്തിൽ 4/33 എന്ന നിലയിലേക്ക് വീണ ഗുജറാത്തിനെ ഹെറ്റ് പട്ടേലും ഉമംഗും(24) ചേര്‍ന്നാണ് ഗുജറാത്തിനെ മുന്നോട്ട് നയിച്ചത്. 57 റൺസാണ് ഇരുവരും അഞ്ചാം വിക്കറ്റിൽ നേടിയത്.

പിന്നീട് കേരള ബൗളര്‍മാര്‍ക്ക് യാതൊരു തരത്തിലുള്ള ആഘോഷ നിമിഷവും നല്‍കാതെയാണ് ഗുജറാത്തിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് 234 റൺസ് നേടിയത്. ഒന്നാം ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ ബാക്കി നില്‍ക്കെ നിധീഷ് എംഡിയാണ് കരൺ പട്ടേലിനെ പുറത്താക്കിയത്.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഗുജറാത്ത് 334/6 എന്ന നിലയിലാണ്. കേരളത്തിനായി നിധീഷ് എംഡി നാല് വിക്കറ്റ് നേടി.