രഞ്ജി ട്രോഫിയിൽ ബൗളിംഗ് പരിശീലകനെ അധിക്ഷേപിച്ച താരത്തെ പുറത്താക്കി ബംഗാൾ

Staff Reporter

പരിശീലനത്തിനിടെ ബംഗാൾ രഞ്ജി ട്രോഫി ടീമിന്റെ ബൗളിംഗ് പരിശീലകനെ അധിക്ഷേപിച്ച അശോക് ഡിണ്ട ടീമിൽ നിന്ന് പുറത്ത്. ആന്ധ്ര പ്രാദേശിനെതിരായ മത്സരം ഇന്ന് നടക്കാനിരിക്കെയാണ് താരത്തെ പുറത്താക്കിയത്. ബംഗാൾ ബൗളിംഗ് പരിശീലകൻ റാണദേബ് ബോസിനെയാണ് അശോക് ഡിണ്ട അധിക്ഷേപിച്ചത്.

തുടർന്ന് താരത്തെ ടീമിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. അധിക്ഷേപിച്ചതിന് ശേഷം താരത്തോട് ടീം മാനേജ്‌മന്റ് മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും താരം മാപ്പ് പറയാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് താരത്തെ പുറത്താക്കിയതെന്ന് ബംഗാൾ ക്രിക്കറ്റ് ടീം പരിശീലകൻ അരുൺ ലാൽ പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 116 മത്സരങ്ങളിൽ നിന്ന് 420 വിക്കറ്റ് എടുത്ത താരമാണ് ഡിണ്ട.