വിന്‍ഡീസിന്റെ നടുവൊടിച്ച് രമേശ് മെന്‍ഡിസ്, രണ്ടാം ടെസ്റ്റിൽ വിജയം നേടി ശ്രീലങ്ക

Sports Correspondent

രമേശ് മെന്‍ഡിസിന്റെ ബൗളിംഗ് മികവിന് മുന്നിൽ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ പതറിയപ്പോള്‍ 164 റൺസിന്റെ വിജയം നേടി ശ്രീലങ്ക. 56.1 ഓവറിൽ വെസ്റ്റിന്‍ഡീസ് 132 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 44 റൺസ് നേടിയ ബോണ്ണറാണ് ടീമിന്റെ ടോപ് സ്കോറര്‍.

ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 36 റൺസ് നേടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ട് നേടിയ ശേഷം മറ്റൊരു കൂട്ടുകെട്ടിനും വെസ്റ്റിന്‍ഡീസ് പ്രതീക്ഷകള്‍ക്ക് കരുത്തേകുവാന്‍ കഴിഞ്ഞില്ല.

92/2 എന്ന നിലയിൽ രമേശ് മെന്‍ഡിസ് എറിഞ്ഞ 44ാം ഓവറിൽ ഷായി ഹോപിനെയും റോസ്ടൺ ചേസിനെയും ഓവറിലെ ആദ്യ രണ്ട് പന്തിൽ പുറത്താക്കിയ ശേഷം അവസാന പന്തിൽ കൈല്‍ മേയഴ്സിനെയും പുറത്താക്കിയതോടെ വിന്‍ഡീസ് 92/5 എന്ന നിലയിലേക്ക് വീണു.

രമേശ് മെന്‍ഡിസും എംബുല്‍ദേനിയയും അഞ്ച് വീതം വിക്കറ്റാണ് നേടിയത്. ടോപ് ഓര്‍ഡറിനെയും മധ്യനിരയെയും രമേശ് വട്ടം കറക്കിയപ്പോള്‍ എംബുല്‍ദേനിയ വാലറ്റത്തിന്റെ കഥകഴിച്ചു.