ധാക്കയിൽ കളി തടസ്സപ്പെടുത്തി മഴ, ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം

ധാക്ക ടെസ്റ്റിന്റെ മൂന്നാം ദിവസം കളിയ്ക്ക് തടസ്സം സൃഷ്ടിച്ച് മഴ. ശ്രീലങ്ക 70.1 ഓവറിൽ 210/4 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് വില്ലനായി മഴയെത്തിയത്. 46 റൺസ് കൂട്ടുകെട്ടുമായി ആഞ്ചലോ മാത്യൂസും ധനന്‍ജയ ഡി സിൽവയും ആണ് ക്രീസിലുള്ളത്. മാത്യൂസ് 25 റൺസും ധനന്‍ജയ 30 റൺസുമാണ് ശ്രീലങ്കയ്ക്കായി നേടിയത്.

കസുന്‍ രജിതയെ പുറത്താക്കി എബോദത്ത് ഹൊസൈന്‍ തുടക്കത്തിൽ തന്നെ ശ്രീലങ്കയ്ക്ക് പ്രഹരമേല്പിച്ചു. അധികം വൈകാതെ 80 റൺസ് നേടിയ ദിമുത് കരുണാരത്നേയെ ഷാക്കിബ് പുറത്താക്കിയതോടെ 164/4 എന്ന നിലയിലേക്ക് ശ്രീലങ്ക വീണു.

അവിടെ നിന്നാണ് മാത്യൂസ് – ധനന്‍ജയ കൂട്ടുകെട്ട് ടീമിനെ ഇരുനൂറ് കടത്തിയത്. ബംഗ്ലാദേശിനായി ഷാക്കിബും എബോദത്തും രണ്ട് വീതം വിക്കറ്റ് നേടി. ബംഗ്ലാദേശിന്റെ സ്കോറിന് 155 റൺസ് പിന്നിലായാണ് ശ്രീലങ്ക ഇപ്പോളും സ്ഥിതി ചെയ്യുന്നത്.