മഴയില്‍ മുങ്ങിയ ത്രിരാഷ്ട്ര പരമ്പര, കിരീടം പങ്കുവെച്ച് നേപ്പാളും നെതര്‍ലാണ്ട്സും

- Advertisement -

ലോര്‍ഡ്സില്‍ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനോട് (എംസിസി) ചരിത്ര മത്സരങ്ങള്‍ക്കിറങ്ങിയ നേപ്പാള്‍ നെതര്‍ലാണ്ട്സ് ടീമുകള്‍ക്ക് മഴയില്‍ കുതിര്‍ന്ന മത്സരാനുഭവം. മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് മത്സരങ്ങളും ആറോവര്‍ മത്സരമായി ചുരുക്കിയപ്പോള്‍ അവസാന മത്സരം ഒരിന്നിംഗ്സിനു ശേഷം അവസാനിപ്പിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ എംസിസിയെ 10 റണ്‍സിനു നെതര്‍ലാണ്ട്സ് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 9 വിക്കറ്റ് ജയമാണ് നേപ്പാള്‍ മാര്‍ലിബോണിനെതിരെ നേടിയത്. നേപ്പാള്‍ നെതര്‍ലാണ്ട്സ് മത്സരം ഉപേക്ഷിക്കുകയും ചെയ്തു. വിജയികള്‍ക്കായുള്ള ട്രോഫി നേപ്പാളും നെതര്‍ലാണ്ട്സും പങ്കുവെച്ചു.

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 6 ഓവറില്‍ നിന്ന് 72/3 എന്ന സ്കോര്‍ നേടുകയായിരുന്നു. തോബിയാസ് വീസേ 23 പന്തില്‍ നിന്ന് 58 റണ്‍സുമായി പുറത്താകാതെ നിന്നു നെതര്‍ലാണ്ട്സിനെ മുന്നോട്ട് നയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ എംസിസിയ്ക്ക് 6 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് മാത്രമേ നേടാനായുള്ളു. വരുണ്‍ ചോപ്ര 27 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജോനാഥന്‍ ട്രോട്ട് 21 റണ്‍സ് നേടി.

നേപ്പാളിനെതിരെ എംസിസി 40 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 6 ഓവറില്‍ നിന്ന് നേടിയത്. 24 റണ്‍സ് നേടി നായകന്‍ മഹേല ജയവര്‍ദ്ധനേ പുറത്താകാതെ ടോപ് സ്കോറര്‍ ആയി നിന്നു. നേപ്പാളിനായി സോംപാല്‍ കാമി രണ്ട് വിക്കറ്റ് നേടി. സുഭാഷ് ഖാകുറേല്‍(16*), ഗ്യാനേന്ദ്ര മല്ല(12*) എന്നിവരോടൊപ്പം അനില്‍ ഷാ(9) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ നേപ്പാള്‍ 4.4 ഓവറില്‍ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഇന്നലത്തെ മൂന്നാമത്തെ മത്സരത്തില്‍ മത്സരം 18 ഓവറാക്കി ചുരുക്കിയെങ്കിലും 16.4 ഓവറുകള്‍ക്ക് ശേഷം മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 174/4 എന്ന സ്കോറില്‍ നില്‍ക്കെയാണ് മത്സരം ഉപേക്ഷിച്ചത്. വെസ്ലി ബാരേസി(44), റയാന്‍ ടെന്‍ ഡോഷാറ്റേ(38), മൈക്കല്‍ റിപ്പണ്‍(38*), സ്കോട്ട് എഡ്വേര്‍ഡ്സ്(34*) എന്നിവരാണ് ടീമിനായി തിളങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement