രാഹുലിനും പന്തിനും അവസരങ്ങള്‍ നല്‍കുന്നത് തുടരണം: ഗാംഗുലി

- Advertisement -

വിദേശ പിച്ചില്‍ ശതകം നേടിയ കെഎല്‍ രാഹുലിനും ഋഷഭ് പന്തിനും തുടര്‍ന്നും അവസരം നല്‍കുവാന്‍ സെലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ലോകേഷ് രാഹുല്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ശതകം നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ താരത്തിനു അവസരങ്ങള്‍ ഇനിയും നല്‍കണം. മികവ് പുലര്‍ത്തിയില്ലെങ്കില്‍ പുറത്താകുമെന്ന സമ്മര്‍ദ്ദം ആവശ്യമാണ് എന്നാല്‍ അത് താരങ്ങളെ തകര്‍ക്കുന്ന തരത്തിലാവരുതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ഓവലില്‍ രണ്ടാം ഇന്നിംഗ്സില്‍ 149 റണ്‍സ് നേടുന്നത് വരെ രാഹുലിനു ശരാശരി പ്രകടനം മാത്രമേ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ ഓവലില്‍ സ്ഥിതി മാറുകയായിരുന്നു. അത് തന്നെയാണ് ഒരു താരത്തില്‍ വിശ്വാസം നല്‍കിയാലുള്ള ഫലമെന്നും ഗാംഗുലി പറഞ്ഞു.

ഏഷ്യയ്ക്ക് പുറത്ത് റണ്‍സ് കണ്ടെത്തുന്ന താരങ്ങളെ കണ്ടെത്തി അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതില്‍ സെലക്ടര്‍മാരും ടീം മാനേജ്മെന്റും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.

Advertisement