റിക്കി പോണ്ടിംഗ് ഒന്നിവിടെ ശ്രദ്ധിക്കൂ, താങ്കള്‍ പഴിച്ച പുജാരയാണ് പരമ്പരയിലെ താരം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ചരിത്രം കുറിച്ച പരമ്പര വിജയത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് പണ്ഡിതന്മാരുടെ കപട വിശകലനങ്ങള്‍ക്ക് പാത്രമായെങ്കിലും ഇന്ത്യന്‍ മനസ്സുകളില്‍ സ്ഥാനമുറപ്പിച്ച ചേതേശ്വര്‍ പുജാരയ്ക്ക് താനെടുത്ത അധിക ചുമതലുകളുടെ ഫലം പരമ്പരയിലെ താരമെന്ന പുരസ്കാരമായി കൈകളിലേക്ക് എത്തിയിരിക്കുന്നു. 74.72 എന്ന ആവറേജില്‍ 521 റണ്‍സ് നേടിയ പുജാര പരമ്പരയില്‍ മൂന്ന് ശതകങ്ങളാണ് നേടിയത്. 193 റണ്‍സ് എന്നതാണ് പരമ്പരയിലെ പുജാരയുടെ ഉയര്‍ന്ന സ്കോര്‍. പരമ്പരയിലെ താരത്തിനൊപ്പം മത്സരത്തിലെ താരവും പുജാര തന്നെയാണ്.

ഇന്ത്യയെ മെല്‍ബേണില്‍ പുജാരയും കോഹ്‍ലിയും ചേര്‍ന്ന് മാരത്തണ്‍ ഇന്നിംഗ്സിലൂടെ മെല്ലെയെങ്കിലും വലിയ സ്കോറിലേക്ക് ടീമിനെ എത്തിച്ചുവെങ്കിലും റിക്കി പോണ്ടിംഗിനെപ്പോലുള്ള ക്രിക്കറ്റ് പണ്ഡിതന്മാര്‍ക്ക് തീരെ പിടിച്ചില്ല ആ ഇന്നിംഗ്സ്. ഇന്ത്യ മെല്‍ബേണില്‍ ജയിക്കുന്നില്ലെങ്കില്‍ പുജാരയാണ് കാരണമെന്നാണ് റിക്കി തുറന്നടിച്ചത്.

മെല്‍ബേണില്‍ ജയിക്കുകയും സിഡ്നിയിലും ശതകം നേടിയ പുജാരയുടെ പ്രകടനത്തെക്കുറിച്ച് പിന്നീട് പോണ്ടിംഗ് അഭിപ്രായം പറഞ്ഞ് കണ്ടില്ല. ഓസ്ട്രേലിയയില്‍ ഇന്ത്യ ഒരു പരമ്പര വിജയം നേടുന്നു എന്ന ബോധമാവും ഈ ക്രിക്കറ്റ് മഹാന്മാരെക്കൊണ്ട് ഇത്തരം പ്രതികരണങ്ങളിലേക്ക് എത്തിച്ചത്. എന്നാല്‍ തന്നെക്കുറിച്ചാരെന്ത് പറയുന്നു എന്നത് ശ്രദ്ധിക്കാതെ ഉത്തമ പോരാളിയായി പുജാര ബാറ്റ് വീശിക്കൊണ്ടേയിരുന്നു. ഇനിയും പല യുദ്ധങ്ങളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുവാനുള്ള അടിത്തറ പാകുന്നതും ഈ നിശബ്ദനായ പോരാളിയായിരിക്കും – ഇന്ത്യയുടെ രണ്ടാം മതില്‍.