ശതകം പൂര്‍ത്തിയാക്കി പ്രിയാംഗ് പഞ്ചല്‍, ഇന്ത്യയുടെ ലീഡ് 200നടുത്തേക്ക്

മത്സരം അവസാനിക്കുവാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സമനിലയിലേക്ക് നീങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായ മത്സരത്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി പ്രിയാംഗ് പഞ്ചല്‍. ഇന്ത്യ എയുടെ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു ഈശ്വരനുമായി ചേര്‍ന്ന് 94 റണ്‍സ് നേടി പഞ്ചല്‍ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനിടെ ഡെയിന്‍ പിഡെട് 37 റണ്‍സ് നേടിയ ഈശ്വരനെ പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നല്‍കി.

പിന്നീട് തന്റെ അടുത്ത ഓവറില്‍ പിഡെട് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെയും പുറത്താക്കി. ഇതോടെ 94/0 എന്ന നിലയില്‍ നിന്ന് 94/2 എന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് കരുണ്‍ നായരുമായി ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ച പഞ്ചല്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 52 ഓവറില്‍ 161/2 എന്ന നിലയിലാണ്. 101 റണ്‍സുമായി പ്രിയാംഗ് പഞ്ചലും 19 റണ്‍സ് നേടി കരുണ്‍ നായരുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് മത്സരത്തില്‍ 178 റണ്‍സിന്റെ ലീഡാണ് ഇപ്പോളുള്ളത്.