ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ മായങ്ക് അഗർവാളും പ്രിത്വി ഷായും ഓപ്പണർമാരാവുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടി20 പാരമ്പരക്കിടെ പരിക്കേറ്റ രോഹിത് ശർമ്മക്ക് പകരക്കാരനായാണ് മായങ്ക് അഗർവാൾ ഇന്ത്യൻ ടീമിൽ എത്തിയത്. അതെ സമയം നിരോധിത മരുന്ന് കഴിച്ചതിന്റെ പേരിൽ 8 മാസത്തെ വിലക്ക് കഴിഞ്ഞാണ് പ്രിത്വി ഷാ വരുന്നത്. രോഹിത്തിന് പരിക്കേറ്റതുകൊണ്ട് ടീം പ്ലാനിങ്ങിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്നും വിരാട് കോഹ്ലി പറഞ്ഞു.
മായങ്ക് അഗർവാളും പ്രിത്വി ഷായും ഓപ്പണർമാരാവുന്നതോടെ കെ.എൽ രാഹുൽ അഞ്ചാം സ്ഥാനത്ത് ഇറങ്ങുമെന്നും വിരാട് കോഹ്ലി പറഞ്ഞു. അഞ്ചാം സ്ഥാനത്ത് കെ.എൽ രാഹുലിന് കൂടുതൽ പരിചയസമ്പത്ത് വരാൻ വേണ്ടി കളിപ്പിക്കുമെന്നും വിക്കറ്റ് കീപ്പറായി കെ.എൽ രാഹുൽ തുടരുമെന്നും വിരാട് കോഹ്ലി അറിയിച്ചു. ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് നിലവാരം ഉയർത്തേണ്ടതിനെ പറ്റിയും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും മാത്രം ശ്രദ്ധ പതിപ്പികാതെ ഫീൽഡിങ്ങിലും ശ്രദ്ധ പതിപ്പിക്കാൻ യുവതാരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിരാട് കോഹ്ലി പറഞ്ഞു.