റണ്‍ മല തീര്‍ത്തെങ്കിലും ദേവ്ദത്ത് പടിക്കലിനും പൃഥ്വി ഷായ്ക്കും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിയ്ക്കുവാനുള്ള സാധ്യത കുറവ്

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ തന്നെ പ്രഖ്യാപിക്കാനിരിക്കെ വിജയ് ഹസാരെയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ദേവ്ദത്ത് പടിക്കലിനും പൃഥ്വി ഷായ്ക്കും ടീമില്‍ അവസരം ലഭിയ്ക്കുവാനുള്ള സാധ്യത കുറവാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

ടീമില്‍ നിലവില്‍ നാല് ഓപ്പണര്‍മാര്‍ ഉള്ളതിനാല്‍ തന്നെ ഇപ്പോള്‍ ഇവര്‍ക്ക് അവസരം കൊടുക്കുക പ്രയാസമാകുമെന്നാണ് അറിയുന്നത്. ശിഖര്‍ ധവാന്‍,രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ എന്നിവരാണ് ഇപ്പോള്‍ ടീമില്‍ ഇടം ലഭിയ്ക്കുവാനിരിക്കുന്ന ഓപ്പണിംഗ് സ്ഥാന മോഹികള്‍.

അവസാന നിമിഷ മാറ്റമില്ലെങ്കില്‍ ഈ നാല് പേരും ടീമില്‍ ഇടം ലഭിയ്ക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ പൃഥ്വിയ്ക്കും ദേവ്ദത്ത് പടിക്കലിനും അവസരം ലഭിയ്ക്കില്ല. വിജയ് ഹസാരെയില്‍ പൃഥ്വി ഷാ 827 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 737 റണ്‍സുമാണ് നേടിയത്.