“അടച്ചിട്ട സ്റ്റേഡിയത്തിൽ മാത്രം കളിക്കുകയാണ് വഴിയെങ്കിൽ താരങ്ങൾ അതിനോട് പൊരുത്തപ്പെടണം”

കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ മാത്രം ക്രിക്കറ്റ് മത്സരങ്ങൾ നടക്കുകയാണ് വഴിയെങ്കിൽ താരങ്ങൾ അതിനോട് പൊരുത്തപ്പെടണമെന്ന് ന്യൂസിലാൻഡ് ഓൾ റൗണ്ടർ ജിമ്മി നിഷാം. ലോകത്താകമാനം മാർച്ച് മാസം മുതൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മുഴുവൻ ക്രിക്കറ്റ് മത്സരങ്ങളും നിർത്തിവെച്ചിരുന്നു.

നിലവിൽ ക്രിക്കറ്റ് മത്സരം നിലനിർത്തേണ്ട കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും അതിന് വേണ്ടി അടച്ചിട്ട സ്റ്റേഡിയത്തിൽ കളിക്കുകയാണ് ഏക വഴിയെങ്കിൽ അതിന് എല്ലാവരും തയ്യാറാവണമെന്നും നിഷാം പറഞ്ഞു. എല്ലാവരും ആരാധകരെ സ്റ്റേഡിയത്തിൽ ആഗ്രഹിക്കുന്നുണ്ടെന്നും അത് ഒരു മത്സരത്തിന് കൂടുതൽ ആവേശം നൽകുകയും ചെയ്യുന്നുണ്ടെന്നും നിഷാം പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് മത്സരം മുന്നോട്ട് കൊണ്ടുപോവണമെന്നും ന്യൂസിലാൻഡ് ഓൾ റൗണ്ടർ പറഞ്ഞു.