അലന്‍ ബോര്‍ഡര്‍ മെഡല്‍ പാറ്റ് കമ്മിന്‍സിനു, അലൈസ ഹീലി മികച്ച വനിത താരം

ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ സ്വന്തമാക്കി പാറ്റ് കമ്മിന്‍സ്. 2014നു ശേഷം ഈ മെഡല്‍ നേടുന്ന ഡേവിഡ് വാര്‍ണറോ സ്റ്റീവന്‍ സ്മിത്തോ അല്ലാത്ത ആദ്യ താരം കൂടിയാണ് പാറ്റ് കമ്മിന്‍സ്. 156 വോട്ടുകള്‍ നേടി നഥാന്‍ ലയണ്‍(150), ആരോണ്‍ ഫിഞ്ച്(146) എന്നിവരെ പിന്തള്ളിയാണ് പാറ്റ് കമ്മിന്‍സ് ഈ വിലയേറിയ അവാര്‍ഡ് സ്വന്തമാക്കിയത്. ഉസ്മാന്‍ ഖവാജയും മാര്‍ക്കസ് സ്റ്റോയിനിസുമാണ് അവസാന അഞ്ച് പേരില്‍ എത്തിയ മറ്റു താരങ്ങള്‍.

44 ടെസ്റ്റ് വിക്കറ്റുകളും (ജനുവരി 9 2018 മുതല്‍ ജനുവരി 7 2019 വരെ) രണ്ട് അര്‍ദ്ധ ശതകങ്ങള്‍ അടക്കമുള്ള പ്രകടനവുമാണ് പാറ്റ് കമ്മിന്‍സിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

വനിത വിഭാഗത്തില്‍ ബെലിന്‍ഡ ക്ലാര്‍ക്ക് മെഡല്‍ ഉള്‍പ്പെടെ ഏകദിന, ടി20 താരമായും തിരഞ്ഞെടുക്കപ്പെട്ടത് അലൈസ ഹീലിയായിരുന്നു. ഐസിസിയുടെ ടി20 താരമായും തിരഞ്ഞെടുക്കപ്പെട്ടത് അലൈസയായിരുന്നു. ഓസ്ട്രേലിയയെ നാലാം ടി20 ലോകകപ്പ് നേടുന്നതില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തതും അലൈസ ആയിരുന്നു.

ഏകദിന താരമായി മാര്‍ക്കസ് സ്റ്റോയിനിസിനെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുവതാരം വില്‍ പുകോവസ്കിയാണ് യുവ താരത്തിനുള്ള ഡോണ്‍ ബ്രാഡ്മാന്‍ അവാര്‍ഡിനു അര്‍ഹനായത്. വനിത വിഭാഗത്തില്‍ ഇതേ ഗണത്തിലുള്ള ബെറ്റി വില്‍സണ്‍ അവാര്‍ഡ് ജോര്‍ജ്ജിയ വെയര്‍ഹാമിു ലഭിച്ചു.

ഡാര്‍സി ഷോര്‍ട്ട്, ആരോണ്‍ ഫിഞ്ച് എന്നിവരെ പിന്തള്ളി ഗ്ലെന്‍ മാക്സ്വെല്‍ ആണ് പുരുഷ വിഭാഗത്തില്‍ ടി0 താരമായി തിരഞ്ഞെടുക്കപ്പെട്ടത്.