പാകിസ്ഥാൻ താരങ്ങൾക്ക് ഇന്ത്യയിൽ വിസ ലഭിക്കുമെന്ന് ഉറപ്പുവേണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

Photo: AFP
- Advertisement -

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പുകൾക്ക് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് വിസ ലഭിക്കുമെന്ന് രേഖ മൂലമുള്ള ഉറപ്പ് വേണമെന്ന ആവശ്യവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐ.സി.സിയെ സമീപിച്ചു. ഇന്ത്യയിൽ വെച്ച് 2021ൽ ടി20 ലോകകപ്പും 2023ൽ ഏകദിന ലോകകപ്പും നടക്കാനിരിക്കെയാണ് വിസ ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ഐ.സി.സിയെ സമീപിച്ചത്.

ഈ വിഷയത്തിൽ ബി.സി.സി.ഐയുടെ ഭാഗത്ത് നിന്ന് രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന നിലപാടാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഉള്ളത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ വസിം ഖാൻ ആണ് ഈ വിഷയത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐ.സി.സിയെ സമീപിച്ച കാര്യം അറിയിച്ചത്. ഇന്ത്യയിൽ വെച്ച് നടക്കുന്ന ഐ.സി.സി മത്സരങ്ങൾക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ പാകിസ്ഥാൻ താരങ്ങൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയു എന്നും വസിം ഖാൻ പറഞ്ഞു.

ബി.സി.സി.ഐയുമായി ഇന്ത്യക്ക് മികച്ച ബന്ധമാണ് ഉള്ളതെങ്കിലും അടുത്ത കാലത്തൊന്നും ഇന്ത്യയുമായി പരമ്പര നടക്കാനുള്ള സാധ്യത കുറവാണെന്നും വാസിം ഖാൻ പറഞ്ഞു.

Advertisement