23 റണ്‍സിനിടെ എട്ട് വിക്കറ്റ്, ന്യൂസിലാണ്ടിനെയും വൈറ്റ് വാഷ് ചെയ്ത് പാക്കിസ്ഥാന്‍

ഓസ്ട്രേലിയയ്ക്ക് പിന്നാലെ ടി20യില്‍ ന്യൂസിലാണ്ടിനെയും വൈറ്റ് വാഷ് ചെയ്ത് പാക്കിസ്ഥാന്‍. പരമ്പര നേരത്തെ സ്വന്തമാക്കിയ ടീം അവസാന ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത് 166/3 എന്ന സ്കോര്‍ നേടിയ ശേഷം ന്യൂസിലാണ്ടിനെ 119 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 96/2 എന്ന ശക്തമായ നിലയിലായിരുന്ന ന്യൂസിലാണ്ടിന്റെ അവസാന 8 വിക്കറ്റ് 23 റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു.

കെയിന്‍ വില്യംസണ്‍ 38 പന്തില്‍ 60 റണ്‍സുമായി തിളങ്ങിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും മികച്ച പിന്തുണ നല്‍കുവാനായില്ല. ഗ്ലെന്‍ ഫിലിപ്പ്സ് 26 റണ്‍സ് നേടി പുറത്തായി. വില്യംസണെയും ഗ്ലെന്‍ ഫിലിപ്പ്സിനെയും ഒരേ ഓവറില്‍ പുറത്താക്കി ഷദബ് ഖാന്‍ ആണ് ന്യൂസിലാണ്ട് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ഷദബ് ഖാന്‍ മൂന്നും വഖാസ് മക്സൂദ്, ഇമാദ് വസീം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ ന്യൂസിലാണ്ട് 16.5 ഓവറില്‍ 119 റണ്‍സിനു ഓള്‍ഔട്ട് ആയി. പാക്കിസ്ഥാനു 47 റണ്‍സിന്റെ വിജയമാണ് നേടാനായത്.