നാളെ ഫലം എത്തുക 23 താരങ്ങളുടെ കൂടി, പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം പ്രതിസന്ധിയിലോ?

- Advertisement -

ഇന്ന് പരിശോധിച്ച അഞ്ച് താരങ്ങളില്‍ മൂന്ന് പേരുടെയും ഫലം കോവിഡ് പോസിറ്റീവ് ആയതോടെ പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം പ്രതിസന്ധിയില്‍ ആകുമോ എന്ന സംശയത്തിലാണ് പാക്കിസ്ഥാന്‍ ബോര്‍ഡ്. ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവരെയാണ് ഇന്ന് പോസിറ്റീവ് ആയി കണ്ടെത്തിയത്. ഉസ്മാന്‍ ഷിന്‍വാരി, ഇമാദ് വസീം എന്നിവരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.

ഈ താരങ്ങള്‍ക്ക് യാതൊരുവിധ രോഗ ലക്ഷണങ്ങളും ഇല്ലായിരുന്നു എന്നതാണ് അറിയുവാന്‍ കഴിയുന്നത്. ഇവര്‍ മൂന്ന് പേരെയും സെല്‍ഫ് ഐസൊലേഷനിലേക്ക് മാറുവാന്‍നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പിസിബി മെഡിക്കല്‍ പാനല്‍ അറിയിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

നാളെ 23 താരങ്ങളുടെ കൂടി ഫലം എത്തുവാന്‍ ഇരിക്കവെ ഇംഗ്ലണ്ടിലേക്കുള്ള പരമ്പരയ്ക്കായി ടീമിന് യാത്ര പോകുവാന്‍ മതിയായ താരങ്ങളുണ്ടാകുമോ എന്നതാണ് ഇപ്പോള്‍ ബോര്‍ഡിനെ അലട്ടുന്ന പ്രശ്നം. പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുവാനിരിക്കുന്നത്.

Advertisement