28 റണ്‍സ് ജയം, പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 28 റണ്‍സിന്റെ വിജയം കരസ്ഥമാക്കി പരമ്പരയും സ്വന്തമാക്കി പാക്കിസ്ഥാന്‍. ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 49.3 ഓവറില്‍ 292 റണ്‍സേ നേടാനായുള്ളു. 9 ഓവറില്‍ 54 റണ്‍സ് നേടുവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ടിന് സാധിച്ചുവെങ്കിലും ജാന്നേമന്‍ മലന് വേണ്ടത്ര പിന്തുണ നല്‍കുവാന്‍ ടോപ് ഓര്‍ഡറിലെ മറ്റു താരങ്ങള്‍ക്ക് സാധിക്കാതെ പോയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

എയ്ഡന്‍ മാര്‍ക്രം(18), ജെജെ സ്മട്സ്(17), ടെംബ ബാവുമ(17) എന്നിവര്‍ വേഗത്തില്‍ പുറത്തായപ്പോള്‍ 70 റണ്‍സാണ് മലന്‍ നേടിയത്. പിന്നീട് ആറാം വിക്കറ്റില്‍ കൈല്‍ വെരേയ്‍ന്നേയും ആന്‍ഡിലെ ഫെഹ്ലുക്വായോയും ചേര്‍ന്ന് 108 റണ്‍സ് നേടിയെങ്കിലും കൂട്ടുകെട്ട് തകര്‍ത്ത് ഹാരിസ് റൗഫ് മത്സരത്തില്‍ പാക്കിസ്ഥാന് മേല്‍ക്കൈ നേടിക്കൊടുത്തു.

62 റണ്‍സ് നേടിയ കൈലിന്റെ വിക്കറ്റാണ് ഹാരിസ് നേടിയത്. തൊട്ടടുത്ത ഓവറില്‍ ഫെഹ്ലുക്വായോയെയും(54) പുറത്താക്കി ഹസന്‍ അലി പാക്കിസ്ഥാന്റെ പക്ഷത്തേക്ക് മത്സരം മാറ്റി.

പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും മുഹമ്മദ് നവാസും 3 വീതം വിക്കറ്റ് നേടിയപ്പോള്‍ ഹാരിസ് റൗഫിന് രണ്ട് വിക്കറ്റ് ലഭിച്ചു.