ഇന്നിംഗ്സ് വിജയവുമായി ന്യൂസിലാണ്ട്, അല്‍സാരി ജോസഫ് – ജെര്‍മൈന്‍ ബ്ലാക്ക്വ‍ുഡ് ചെറുത്ത് നില്പ് അവസാനിച്ചതോടെ വിന്‍ഡീസിന്റെ പതനം

സെഡ്ഡണ്‍ പാര്‍ക്കില്‍ നാലാം ദിവസം തന്നെ വിജയം ഉറപ്പാക്കി ആതിഥേയരായ ന്യൂസിലാണ്ട്. രണ്ടാം ഇന്നിംഗ്സില്‍ ഫോളോ ഓണ്‍ ചെയ്യപ്പെട്ട വിന്‍ഡീസിന്റെ തോല്‍വി വൈകിപ്പിക്കുവാന്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ്-അല്‍സാരി ജോസഫ് കൂട്ടുകെട്ടിന് സാധിച്ചുവെങ്കിലും കൂട്ടുകെട്ട് തകര്‍ന്നതോടെ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് 247 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ന്യൂസിലാണ്ട് ഒരിന്നിംഗ്സിന്റെയും 134 റണ്‍സിന്റെയും വിജയം കരസ്ഥമാക്കി. രണ്ടാം ഇന്നിംഗ്സില്‍ നീല്‍ വാഗ്നര്‍ ന്യൂസിലാണ്ടിനായി നാല് വിക്കറ്റ് നേടി. ബ്ലാക്ക്വുഡ് തന്റെ ശതകം നേടി അധികം വൈകാതെ 104 റണ്‍സിന് പുറത്തായപ്പോള്‍ അല്‍സാരി ജോസഫ് 86 റണ്‍സ് നേടി.