ന്യൂസിലാണ്ടിനോട് അഞ്ചും തോറ്റ് പാക്കിസ്ഥാന്‍ സീനിയര്‍ ടീം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ അഞ്ച് മത്സരങ്ങളും തോറ്റ് പാക്കിസ്ഥാന്‍. ഇന്ന് വെല്ലിംഗ്ടണില്‍ നടന്ന അവസാന ഏകദിനത്തില്‍ ന്യൂസിലാണ്ടിന്റെ 271 റണ്‍സ് പിന്തുടരാനിറങ്ങിയ പാക്കിസ്ഥാനായി വാലറ്റം അവസാന നിമിഷം വരെ പൊരുതിയെങ്കിലും 256 റണ്‍സ് മാത്രമേ നേടാനായുള്ളു. ഒരോവര്‍ ശേഷിക്കെ 15 റണ്‍സ് അകലെ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. മാറ്റ് ഹെന്‍റിയുടെ ബൗളിംഗില്‍ തകര്‍ന്ന് പാക് ടോപ് ഓര്‍ഡറിനു രക്ഷയ്ക്കായി എത്തിയത് മധ്യനിരയില്‍ ഹാരിസ് സൊഹൈലിന്റെയും(63) ഷദബ് ഖാന്റെയും(54) പ്രകടനങ്ങളായിരുന്നു.

വാലറ്റത്തില്‍ നിന്നുള്ള ചെറുത്ത് നില്പാണ് പാക്കിസ്ഥാന്റെ തോല്‍വിയുടെ ഭാരം കുറയ്ക്കുവാന്‍ സഹായിച്ചത്. ഫഹീം അഷ്റഫ്(15 പന്തില്‍ 23), മുഹമ്മദ് നവാസ്(12 പന്തില്‍ 23) എന്നിവര്‍ ചേര്‍ന്ന് ലക്ഷ്യത്തിനു 15 റണ്‍സ് അകലെ വരെ ടീമിനെ എത്തിച്ചു. അമീര്‍ യമീന്‍ 32 റണ്‍സുമായി പുറത്താകാതെ ഇവര്‍ക്ക് പിന്തുണ നല്‍കി. ടോപ് ഓര്‍ഡറുടെ പരാജയം മാത്രമാണ് മത്സരത്തില്‍ പിന്നോക്കം പോകാന്‍ പാക്കിസ്ഥാനെ ഇടയാക്കിയതെന്ന് നിസ്സംശയം പറയാം.

ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സാന്റനര്‍  മൂന്നും ലോക്കി ഫെര്‍ഗൂസണ്‍ രണ്ടും വിക്കറ്റ് നേടി.

നേരത്തെ മാര്‍ട്ടിന്‍ ഗുപ്ടില്‍ നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ ന്യൂസിലാണ്ട് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടുകയായിരുന്നു. 100 റണ്‍സ് നേടിയ ഗുപ്ടിലിനു പുറമേ റോസ് ടെയിലര്‍ 59 റണ്‍സ് നേടി. മണ്‍റോ(34), വില്യംസണ്‍(22), കോളിന്‍ ഡി ഗ്രാന്‍ഡോം(29*) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍.

റുമ്മാന്‍ റയീസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഫഹീം അഷ്റഫ് രണ്ടും അമീര്‍ യമീന്‍ ഒരു വിക്കറ്റും നേടി. മുന്‍ നിര ബൗളര്‍മാരായ ഹസന്‍ അലിയും മുഹമ്മദ് അമീറും ഇന്നത്തെ മത്സരം കളിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial