മികച്ച നിലയില്‍ നിന്ന് ഇംഗ്ലണ്ടിന് തകര്‍ച്ച, ന്യൂസിലാണ്ട് പ്രതിരോധത്തില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 റണ്‍സ് പിന്തുടരുന്ന ന്യൂസിലാണ്ട് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 144/4 എന്ന നിലയില്‍. 209 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ന്യൂസിലാണ്ടിന് വേണ്ടി ഹെന്‍റി നിക്കോളസ്(26*), ബിജെ വാട്‍ളിംഗ്(6*) എന്നിവാണ് ക്രീസിലുള്ളത്. ജീത്ത് റാവല്‍(19), ടോം ലാഥം(8), റോസ് ടെയിലര്‍ (25) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ന്യൂസിലാണ്ടിന് വേണ്ടി ചെറുത്ത് നില്പ് നടത്തുകയായിരുന്ന കെയിന്‍ വില്യംസണിനെ രണ്ടാം ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ മാത്രം അവശേഷിക്കെ ടീമിന് നഷ്ടമായത് വലിയ തിരിച്ചടിയായി. 51 റണ്‍സ് നേടിയ വില്യംസണ്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ സാം കറന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

നേരത്തെ ഒന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അധികം വൈകാതെ ബെന്‍ സ്റ്റോക്സിനെ നഷ്ടമായി. ശതകത്തിന് 9 റണ്‍സ് അകലെ 91 റണ്‍സിലാണ് താരം പുറത്തായത്. ഏതാനും ഓവറുകള്‍ക്കുള്ളില്‍ ഒല്ലി പോപിനെ നഷ്ടമായ ഇംഗ്ലണ്ടിന് അടുത്ത പന്തില്‍ സാം കറനെ നഷ്ടമായി. മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ടിം സൗത്തി ആയിരുന്നു.

277/4 എന്ന നിലയില്‍ നിന്ന് 295/8 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഒമ്പതാം വിക്കറ്റില്‍ 52 റണ്‍സ് നേടിയ ജോസ് ബട്‍ലര്‍-ജാക്ക് ലീഷ് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. ബട്‍ലര്‍ 43 റണ്‍സ് നേടി വാഗ്നര്‍ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡിനെയും പുറത്താക്കി നീല്‍ വാഗ്നര്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി.

ജാക്ക് ലീഷ് 18 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലാണ്ടിനായി ടിം സൗത്തി നാലും നീല്‍ വാഗ്നര്‍ മൂന്നും വിക്കറ്റ് നേടി.