സന്നാഹ മത്സരം മഴ കൊണ്ടു പോയാലും പ്രശ്നമില്ല – കരുണാരത്നേ

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇലവനെതിരെയുള്ള ദ്വിദിന സന്നാഹ മത്സരം മഴ കാരണം പൂര്‍ത്തിയാക്കാനാകാതെ പോയെങ്കിലും അത് തങ്ങളെ അലട്ടുന്ന പ്രശ്നമല്ലെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. മേയ് 15ന് നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ശ്രീലങ്കയുടെ ഏക സന്നാഹ മത്സരം ആയിരുന്നു ഇത്.

മഴ കാരണം മത്സരത്തിൽ 18.2 ഓവര്‍ മാത്രമാണ് എറിഞ്ഞത്. ശ്രീലങ്ക 50/1 എന്ന നിലയിൽ നില്‍ക്കവെ രണ്ടാം ദിവസം കളി മതിയാക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ശ്രീലങ്കയിൽ രണ്ടാഴ്ചയോളം തങ്ങള്‍ പരിശീലനം നടത്തിയിരുന്നുവെന്നും അവിടുത്തേതിന് സമാനമായ സാഹചര്യങ്ങള്‍ ആയതിനാൽ തന്നെ വലിയ പ്രശ്നം ഉണ്ടാകുന്നില്ലെന്നും ദിമുത് കരുണാരത്നേ വ്യക്തമാക്കി.