പി എസ് ജി വിടുന്ന ഡി മറിയയെ ലക്ഷ്യമിട്ട് യുവന്റസ്

പി എസ് ജി വിടാൻ സാധ്യതയുള്ള ഡി മറിയ യുവന്റസിലേക്ക് എത്താൻ സാധ്യത. താരവുമായി യുവന്റസ് ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. പി എസ് ജി വിടും എങ്കിലും താൻ എന്തായാലും ഒരു സീസൺ കൂടെ യൂറോപ്യൻ ഫുട്ബോളിൽ ഉണ്ടാകും എന്ന് ഡി മറിയ പറഞ്ഞിരുന്നു. മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ഡിമറിയ അവസാന ഏഴ് വർഷമായി പി എസ് ജിക്ക് ഒപ്പം ആണ്.

താരത്തിന്റെ ക്ലബ്ബിലെ കരാർ ഈ സീസണിൽ അവസാനിക്കാനിരിക്കുകയാണ്. വേണമെങ്കിൽ പി എസ് ജിക്ക് ഒരു സീസൺ കൂടെ ഡി മറിയയുടെ കരാർ പുതുക്കാമെങ്കിലും പി എസ് ജി താരത്തെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്‌. അങ്ങനെ ആണെങ്കിൽ ഫ്രീ ഏജന്റായി താരത്തെ യുവന്റസ് സ്വന്തമാക്കും. ഫ്രീ ഏജന്റുകളെ സ്വന്തമാക്കുന്നതിൽ എന്നും സ്പെഷ്യലിസ്റ്റുകൾ ആണ് യുവന്റസ്. അവർ ഫ്രീ ഏജന്റായ പോഗ്ബയെ സ്വന്തമാക്കാനും ശ്രമിക്കുന്നുണ്ട്.

പി എസ് ജിക്കായി മുന്നൂറോളം മത്സരങ്ങൾ കളിച്ച ഡി മറിയ നൂറിനടുത്ത് ഗോളുകളും നൂറിലധികം അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്. പി എസ് ജിക്ക് ഒപ്പം 18 കിരീടങ്ങൾ ഡി മറിയ ഇതുവരെ നേടിയിട്ടുണ്ട്.