ഇംഗ്ലണ്ട് – ഇന്ത്യ പരമ്പരയിൽ കര്‍ക്കശമായ ബയോ ബബിളുണ്ടാകില്ല

ഇരു ടീമുകളിലും കോവിഡ് ബാധ സ്ഥിരീകരിച്ചുവെങ്കിലും ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനിടെ താരങ്ങളെ കര്‍ക്കശമായ ബയോ ബബിളില്‍ പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ടോം ഹാരിസൺ. താരങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും ഹാരിസൺ അറിയിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ബയോ ബബിളിൽ ഇളവ് നല്‍കിയിരുന്നു.

ഇംഗ്ലണ്ട് പരിമിത ഓവര്‍ സംഘത്തിൽ 7 പേര്‍ക്ക് കോവിഡ് ബാധിച്ച ശേഷം പുതിയ സ്ക്വാഡിനെയാണ് ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ സംഘത്തിൽ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കിയതോടെ കേസുകളിൽ വന്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 12 മാസം മുമ്പുള്ള സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണിപ്പോളുള്ളതെന്നും ബയോ സുരക്ഷിതമായ സാഹചര്യങ്ങളിൽ താമസിച്ച് താരങ്ങള്‍ക്ക് മടുത്തുവെന്നും പഴയ തരത്തിൽ തീവ്രമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സാധിക്കുകയില്ലെന്നും ഹാരിസൺ വ്യക്തമാക്കി.

കഴിഞ്ഞാഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് രണ്ടാം ഡോസ് ബിസിസിഐ നല്‍കിയത്.