ഫെര്‍ഗൂസണിന് പകരക്കാരനില്ല, പരിക്കേറ്റ താരം ടി20 പരമ്പരയില്‍ നിന്ന് പുറത്ത്

Sports Correspondent

ലങ്കയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിന് മുമ്പ് തന്നെ പരിക്കേറ്റ് ന്യൂസിലാണ്ട് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസണ്‍ ടീമില്‍ നിന്ന് പുറത്ത്. താരത്തിന്റെ സ്കാനിംഗില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് താരം പരമ്പരയില്‍ നിന്ന് പുറത്ത് പോകുന്നത്. താരത്തിന് പകരക്കാരനെ ന്യൂസിലാണ്ട് പ്രഖ്യാപിച്ചിട്ടില്ല. മികച്ച ഫോമിലായിരുന്ന ഫെര്‍ഗൂസണ്‍ ലോകകപ്പില്‍ മിന്നും പ്രകടനമാണ് ന്യൂസിലാണ്ടിന് വേണ്ടി പുറത്തെടുത്തത്. താരത്തിന്റെ അഭാവം ന്യൂസിലാണ്ടിന് വലിയ നഷ്ടമാണെന്ന് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.

ആദ്യ ടി20യ്ക്ക് മുമ്പുള്ള പരിശീലനത്തിലാണ് താരത്തിന് പരിക്കേറ്റത്. തങ്ങളുടെ സ്ക്വാഡില്‍ ആവശ്യത്തിന് താരങ്ങളുള്ളതിനാല്‍ പകരക്കാരന്‍ താരത്തെ പ്രഖ്യാപിക്കുന്നില്ലെന്നാണ് ന്യൂസിലാണ്ട് കോച്ച് വെളിപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരെ നവംബറില്‍ ആരംഭിയ്ക്കുന്ന പരമ്പരയില്‍ താരം തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാരി സ്റ്റെഡ് പറഞ്ഞു.

ഇന്നലെ ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ട് അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കിയിരുന്നു. രണ്ടാം മത്സരം നാളെ കാന്‍ഡിയില്‍ നടക്കും. വെള്ളിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.