പകരം ഇമ്രാന്‍ ഖാനോ ജാവേദ് മിയാന്‍ദാദോ ഉണ്ടോ? സര്‍ഫ്രാസിനെതിരെ തിരിഞ്ഞവര്‍ക്കെതിരെ വസീം അക്രം

പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനോടുള്ള ടെസ്റ്റ് പരമ്പര പരാജയത്തിനു ശേഷം സര്‍ഫ്രാസ് അഹമ്മദിന്റെ ക്യാപ്റ്റന്‍സി സ്ഥാനം തെറിപ്പിക്കണമെന്ന് പറഞ്ഞവരോട് തിരിച്ചടിച്ച് വസീം അക്രം. താന്‍ ഏറെ കാലമായി ഇത് കേള്‍ക്കുന്നു. സര്‍ഫ്രാസിനെ മാറ്റണം മാറ്റണമെന്ന് മുറവിളി കൂട്ടുന്നവരോട് ഒന്ന് ചോദിക്കട്ടെ പകരം ആര് വരുമെന്ന് കൂടി നിങ്ങള്‍ പറയണം. ഒരു ഇമ്രാന്‍ ഖാനോ ജാവേദ് മിയാന്‍ദാദോ ക്യാപ്റ്റന്‍സി ഏറ്റെടുക്കുവാനായി കാത്തിരിക്കുന്നത് പോലെയുള്ള വര്‍ത്തമാനം ആണ് വിമര്‍ശകരുടേതെന്ന് വസീം അക്രം പറഞ്ഞു.

പാക്കിസ്ഥാന്‍ ആദ്യ ടെസ്റ്റ് ജയത്തിനരികെയെത്തിയ ശേഷം കൈവിടുകയായിരുന്നു. 4 റണ്‍സിനായിരുന്നു അന്നത്തെ പരാജയം. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം ന്യൂസിലാണ്ടിനെതിരെ ആതിഥേയര്‍ സ്വന്തമാക്കിയെങ്കിലും മൂന്നാം ടെസ്റ്റില്‍ പാക്കിസ്ഥാനെ 123 റണ്‍സിനു കീഴടക്കി ന്യൂസിലാണ്ട് ചരിത്രം കുറിച്ച പരമ്പര വിജയം സ്വന്തമാക്കി.