ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ അവ‍‍ര്‍ക്ക് അനുകൂലമാകേണ്ടതായിരുന്നിട്ടും അതുണ്ടായില്ലല്ലോ – രവി ശാസ്ത്രി

ഇന്ത്യൻ പേസ‍ര്‍മാരെക്കാൾ ഇംഗ്ലണ്ടിലെ സാഹചര്യം കൂടുതൽ അനുകൂലമാകുക ന്യൂസിലാണ്ടിനാകുമെന്ന വാദത്തെ തള്ളി ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി. ഇംഗ്ലണ്ടിലെ സാഹചര്യം എന്താണോ അത് രണ്ട് ടീമുകൾക്കും ഒരു പോലെയാണെന്നും അല്ലാതെ ആര്‍ക്കും മുൻതൂക്കം ലഭിയ്ക്കുന്നില്ലെന്ന് രവി ശാസ്ത്രി പറ‍ഞ്ഞു. അങ്ങനെയാണെങ്കിൽ ഓസ്ട്രേലിയയിൽ അവ‍ര്‍ക്ക് കാര്യങ്ങൾ അനുകൂലമാകേണ്ടതായിരുന്നില്ലേ എന്നാൽ അതല്ലല്ലോ സംഭവിച്ചതെന്നും ശാസ്ത്രി ചോദിച്ചു.

ശരിയായ മൈൻഡ് സെറ്റിലല്ലെങ്കിൽ എത്ര അനുകൂല സാഹചര്യം ആയാലും ആദ്യ ബോൾ നിക്ക് ചെയ്യാനോ അല്ലെങ്കിൽ വിക്കറ്റ് നേടുവാനോ പാട് പെടുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി. പരമ്പരയ്ക്ക് മൂന്ന് ദിവസം മാത്രം മുമ്പ് എത്തിയിട്ടും മികച്ച പ്രകടനം ഇന്ത്യ പുറത്തെടുത്ത സന്ദ‍ര്‍ഭം ഉണ്ടായിട്ടുണ്ടെന്നും അതിനാൽ എല്ലാം തലയ്ക്കകത്താണെന്നും ശാസ്ത്രി പറ‍ഞ്ഞു.

ഓസ്ട്രേലിയയിൽ ഇന്ത്യ രണ്ട് തവണയാണ് ഓസ്ട്രേലിയയെ കീഴടക്കിയതെന്നും കൂടി ഓര്‍ക്കണമെന്നും ശാസ്ത്രി വ്യക്തമാക്കി. സാഹചര്യം അനുസരിച്ച് താരങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം എന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.