ഓസ്ട്രേലിയന്‍ ടീമിൽ ഭീരുക്കളാരുമില്ല, ലാംഗറിന് മറുപടിയുമായി പാറ്റ് കമ്മിന്‍സ്

Langercummins

ഓസ്ട്രേലിയന്‍ ടീമിൽ ഭീരുക്കളാണെന്നും അവര്‍ക്ക് നൽകിയ ഫീഡ് ബാക്ക് അംഗീകരിക്കാനാകാതെ പോയതാണ് തന്റെ ടീമിൽ നിന്നുള്ള പുറത്താകലിന് കാരണമെന്ന ജസ്റ്റിന്‍ ലാംഗറുടെ പ്രതികരണത്തിന് മറുപടിയുമായി ഓസ്ട്രേലിയന്‍ ടെസ്റ്റ് – ഏകദിന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഓസ്ട്രേലിയന്‍ ടീമിൽ ആരും ഭീരുക്കളല്ല എന്നാണ് താരം പ്രതികരിച്ചത്.

2021 ടി20 ലോകകപ്പ് നേടിയിട്ടും ആഷസിലെ മികവുറ്റ വിജയത്തിന് ശേഷവും താന്‍ പുറത്ത് പോകേണ്ടി വന്നത് സുതാര്യമല്ലാത്ത ഓസ്ട്രേലിയന്‍ ടീമിലെ ഭീരുക്കള്‍ കാരണമാണെന്നാണ് ലാംഗര്‍ പറഞ്ഞത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിൽ ഒരിക്കലും ഭീരുക്കള്‍ ഉണ്ടായിട്ടില്ലെന്നും തനിക്ക് സ്വകാര്യ സംഭാഷണങ്ങള്‍ പുറത്ത് വിടുവാന്‍ താല്പര്യമില്ലെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

ഇപ്പോള്‍ ശ്രദ്ധ ക്രിക്കറ്റിൽ നിന്ന് മാറി വേറെ വിഷയങ്ങളിലേക്ക് പോകുന്നതിൽ അതൃപ്തിയുണ്ടെന്നും പാറ്റ് കമ്മിന്‍സ് പറഞ്ഞു. ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം കുറിയ്ക്കുവാനിരിക്കുമ്പോളാണ് ജസ്റ്റിന്‍ ലാംഗറുടെ പ്രതികരണം എത്തുന്നത്.